അരേക്കാപ്പ്, വീരാങ്കുടി ആദിവാസി ഉന്നതികളിലുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഉന്നതതല യോഗം ചേരും: മന്ത്രി കെ.എ. തുളസി
ചാലക്കുടി താലൂക്കിലെ അരേക്കാപ്പ്, വീരാങ്കുടി ആദിവാസി ഉന്നതികളില്‍ നിന്നും കോടശ്ശേരി പഞ്ചായത്തിലെ മാരാംകോട് വന്ന് താമസിക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പത്ത് ദിവസത്തിനുള്ളില്‍ അടിയന്തര ഉന്നതതല യോഗം ചേരുമെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ.എ. തുളസി അറിയിച്ചു. അരേക്കാപ്പ്, വീരാങ്കുടി ഉന്നതികളില്‍ നിന്നും കോടശ്ശേരി പഞ്ചായത്തിലെ മാരാങ്കോട് കശുമാവിന്‍ തോട് സ്ഥലത്ത് ഷെഡ് വെച്ച് താമസിക്കുന്നവരെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു മന്ത്രി.
ഇവിടത്തെ ജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഏറ്റവും വേഗത്തില്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആത്മാര്‍ത്ഥവും സജീവവുമായ ഇടപെടല്‍ ഉണ്ടാകും. കേവലം പ്രഖ്യാപനങ്ങളിലും വാഗ്ദാനങ്ങളിലും ഒതുങ്ങാതെ, ജനങ്ങള്‍ക്ക് സഹായം കൃത്യമായി എത്തിക്കുക എന്നതാണ് ഈ സര്‍ക്കാരിന്റെ പ്രാഥമിക ലക്ഷ്യവും ഉത്തരവാദിത്തവുമെന്ന് മന്ത്രി വ്യക്തമാക്കി. ഈ വിഷയത്തില്‍ കൃത്യമായ അവലോകനങ്ങളും തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മാരാംകോട് 47 കുടുംബങ്ങളാണ് ഷെഡ് കെട്ടി താമസിക്കുന്നത്. അരേക്കാപ്പ് ഉന്നതിയില്‍ നിന്നും 37 കുടുംബങ്ങളും വീരാങ്കുടി ഉന്നതിയില്‍ നിന്നും 10 കുടുംബങ്ങളുമാണ് മാരാംകോട് ഇപ്പോള്‍ താമസിക്കുന്നത്. മാരാങ്കോട് താമസിക്കുന്ന ആദിവാസി ജനവിഭാഗങ്ങളുടെ ഭൂമിസംബന്ധമായ പ്രശ്‌നങ്ങളും അവര്‍ നേരിടുന്ന മറ്റ് വെല്ലുവിളികളും മന്ത്രി ഉന്നതിയിലുള്ളവരോട് നേരിട്ട് ചോദിച്ചറിഞ്ഞു.
സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജാന്‍വി പൗലോസ്, കോടശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനന്ദനാരായണന്‍, ചാലക്കുടി ഡി.എഫ്.ഒ എന്‍. വെങ്കിടേശ്വരന്‍, ജില്ലാ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ ആര്‍. ബിന്ദു, ഊരുമൂപ്പന്‍ സാബു, തദ്ദേശ ജനപ്രതിനിധികള്‍, റവന്യു, വനംവകുപ്പ്, ട്രൈബല്‍ വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
.jpg)

