കെ.എസ്.ആർ.ടി.സിയിൽ പൊതുജന പങ്കാളിത്തത്തോടെ സർവീസുകളും അടിസ്ഥാന സൗകര്യങ്ങളും വിപുലീകരിക്കും: മന്ത്രി സി.പി. ജോൺ
കോഴിക്കോട് :കെ.എസ്.ആർ.ടി.സിയിൽ പൊതുജന പങ്കാളിത്തത്തോടെ സർവീസുകളും അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ വിപുലീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. കൊയിലാണ്ടി ജോയിന്റ് ആർ.ടി.ഒ ഓഫീസ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകിയാൽ, തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആധുനിക സംവിധാനങ്ങളോടുകൂടിയ മോഡൽ ജോയിന്റ് ആർ.ടി.ഒ ഓഫീസ് കെട്ടിടം നിർമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായുള്ള പ്രൊപ്പോസൽ സമർപ്പിക്കാനും അദ്ദേഹം നിർദ്ദേശം നൽകി. അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എയ്ക്കൊപ്പമാണ് മന്ത്രി ഓഫീസ് സന്ദർശിച്ചത്.
കെ.എസ്.ആർ.ടി.സിയെ കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭകരവും ജനകീയവുമാക്കുന്ന രീതിയിലുള്ള പദ്ധതികളാണ് സർക്കാർ നടപ്പിലാക്കിവരുന്നതെന്ന് മന്ത്രി പറഞ്ഞു. മൂലധനച്ചെലവ് കുറച്ച്, പ്രവർത്തനച്ചെലവ് കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന നയമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, എം.എൽ.എമാർ, സഹകരണ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരുടെ സഹകരണത്തോടെ പുതിയ ബസുകൾ സർവീസിന് ലഭ്യമാക്കുന്നുണ്ട്. ഡിപ്പോകളുടെ പ്രവർത്തനത്തിലും സർവീസുകളിലും തദ്ദേശ സ്ഥാപനങ്ങൾക്ക് പങ്കാളിത്തം ഉറപ്പാക്കുന്നതിനായി മേയർ/മുനിസിപ്പൽ ചെയർപേഴ്സൺ/പഞ്ചായത്ത് പ്രസിഡന്റ്, പ്രാദേശിക വാർഡ് മെമ്പർ എന്നിവരെ ഉൾപ്പെടുത്തി ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റികൾ രൂപീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ശബരിമല തീർഥാടന സീസണിനായി 100 ഓളം കെ.എസ്.ആർ.ടി.സി ബസുകൾ പൂർണ്ണമായി റീഫർബിഷ് ചെയ്ത് (സീറ്റ് കവറുകൾ, എഞ്ചിൻ, ഗിയർ ബോക്സ് തുടങ്ങിയവ പുതുക്കി) സർവീസുകൾക്ക് സജ്ജമാക്കിയിട്ടുണ്ട്. തീർഥാടകർക്കായി 'ചാർട്ടേഡ് ബസ്' സൗകര്യവും ലഭ്യമാക്കും. ടിക്കറ്റ് തുക മുൻകൂട്ടി നൽകിയാൽ ഭക്തർക്ക് ബസ് സ്റ്റാൻഡിൽ എത്താതെ തന്നെ അവരുടെ വീടുകൾക്കോ ക്ഷേത്രങ്ങൾക്കോ മുന്നിൽ കെ.എസ്.ആർ.ടി.സി ബസ് എത്തിച്ചു നൽകുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ചരക്ക് ഗതാഗത മേഖലയിൽ കെ.എസ്.ആർ.ടി.സി ട്രക്കുകൾ വാടകയ്ക്ക് നൽകുന്ന പദ്ധതി ഇതിനകം ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിൽ നിന്നും ലീസിന് ബസുകൾ എടുക്കുന്ന പദ്ധതിക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. റോഡ് സുരക്ഷ മുൻനിർത്തി നവംബർ 15 മുതൽ സംസ്ഥാനത്ത് വിപുലമായ 'കേരള റോഡ് സേഫ്റ്റി മിഷൻ' ക്യാമ്പയിന് തുടക്കമാകും. ഗതാഗത മന്ത്രി ചെയർമാനും എട്ട് മന്ത്രിമാർ അംഗങ്ങളുമായുള്ള സമിതിയാണ് ഇതിന് നേതൃത്വം നൽകുന്നത്.
എം.എൽ.എയുടെയും നഗരസഭയുടെയും ആവശ്യപ്രകാരം കൊയിലാണ്ടിയിൽ നിന്നും ഉള്ള്യേരി, ബാലുശ്ശേരി, പയ്യോളി വഴി വിവിധ റൂട്ടുകളിലേക്ക് കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു. ബാംഗ്ലൂർ സർവീസുകൾക്കും ഗുരുവായൂർ, മൂകാംബിക തുടങ്ങിയ പ്രധാന തീർഥാടന കേന്ദ്രങ്ങളിലേക്കും ആവശ്യാനുസരണം ലീസിനെടുക്കുന്ന ബസുകൾ ഉൾപ്പെടെ ഉപയോഗിച്ച് കെ.എസ്.ആർ.ടി.സി സർവീസുകൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ, കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ജെബി ചെറിയാൻ, കൊയിലാണ്ടി ജോയിന്റ് ആർ.ടി.ഒ എം.കെ. പ്രജീഷ്, വടകര ജോയിന്റ് ആർ.ടി.ഒ പി. സജീഷ്, പേരാമ്പ്ര ജോയിന്റ് ആർ.ടി.ഒ ടി. പ്രജീഷ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
.jpg)


