പാവപ്പെട്ടവർക്കും വിദഗ്ധ ചികിത്സ ലഭ്യമാക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം; മന്ത്രി എ.കെ ശശീന്ദ്രൻ
പാവപ്പെട്ടവർക്കും വിദഗ്ധ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. രോഗികളെ പിഴിഞ്ഞെടുക്കുക എന്നതല്ല മറിച്ച് സഹായിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒ.പി. ബ്ലോക്ക് - നവീകരിച്ച ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
tRootC1469263">മെഡിക്കൽ കോളേജ്, കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യ കേന്ദ്രങ്ങൾ ഇന്ത്യയിൽ മറ്റൊരിടത്തും പരീക്ഷിക്കാത്ത ചികിത്സാരീതികൾ അവതരിപ്പിച്ചുകൊണ്ട് കേരളം ഇന്ത്യക്ക് മാതൃകയാവുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുരളി പെരുനെല്ലി എം.എൽ.എ അധ്യക്ഷത വഹിച്ചു. ചൊവന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി വില്യംസ് വിശിഷ്ടാതിഥിയായി പങ്കെടുത്തു.
പതിനാറു വാർഡുകളിലായി 24,452 ആളുകളോളം താമസിക്കുന്ന കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിലെയും അയൽ പഞ്ചായത്തിലെയും ജനങ്ങൾ ആശ്രയിക്കുന്ന ഒരേ ഒരു കുടുംബാരോഗ്യ കേന്ദ്രമാണ് മറ്റം പി.എച്ച്.സി. എം.എൽ.എ ഫണ്ടിൽ നിന്നും മുപ്പതു ലക്ഷം രൂപയും, പഞ്ചായത്തിന്റെ പദ്ധതിയിലൂടെ ഒൻപത് ലക്ഷം രൂപ റോഡിതര മെയിന്റെനൻസ് ഫണ്ടും ചിലവഴിച്ചാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുനരുദ്ധാരണവും 132 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഡോക്‌ടർമാരുടെ കൺസൾട്ടേഷൻ റൂം, ടോയ്‌ലറ്റ് എന്നിവ ഉൾക്കൊള്ളുന്ന വിപുലീകരണ പ്രവൃത്തിയും വിവിധ ഘട്ടങ്ങളിലായി പൂർത്തീകരിച്ചത്. കൂടാതെ എൻ.എച്ച്.എം ഫണ്ടും പൊതുജനങ്ങളിൽ നിന്നും സംഭാവനയായി ലഭിച്ച തുകയും കൂടി ചേർത്തു മറ്റൊരു കവാടവും ഇന്റീരിയർ വർക്കും പൂർത്തീകരിച്ചു.
കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് അസി. എഞ്ചീനിയർ ദൃശ്യ മനോഹർ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജയൻ, ചൊവ്വന്നൂർ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് കെ.ജി പ്രമോദ്, കണ്ടാണശ്ശേരി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.എസ്. ധനൻ, ജില്ലാ പഞ്ചായത്ത് മെമ്പർ എവി. വല്ലഭൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ശാരി ശിവൻ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷെക്കീല ഷെമീർ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എൻ.എ ബാലചന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ നിവ്യ റെനീഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ടി.പി. ശ്രീദേവി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ
ഡോ. പി. സജീവ് കുമാർ, പഞ്ചായത്ത് സെക്രട്ടറി കെ.കെ. രാധകൃഷ്‌ണൻ, കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ കെ.പി ചിന്ത, വാർഡ് മെമ്പർമാർ,ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
.jpg)

