'മില്‍മ മിലി കാര്‍ട്ട്' ഐസ്ക്രീം വെന്‍ഡിംഗ് വാഹനങ്ങള്‍ പുറത്തിറക്കി

'Milma Mili Kart' ice cream vending vehicles launched
'Milma Mili Kart' ice cream vending vehicles launched

തിരുവനന്തപുരം: മില്‍മയുടെ ആവശ്യപ്രകാരം പൊതുമേഖലാ സ്ഥാപനം കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് (കെഎഎല്‍)  നിര്‍മ്മിച്ച ഐസ്ക്രീം വെന്‍ഡിംഗ് വാഹനങ്ങളായ 'മില്‍മ മിലി കാര്‍ട്ടുകള്‍' വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പുറത്തിറക്കി. പ്രത്യേകം രൂപകല്‍പ്പന ചെയ്ത ക്യാനോപിയും ഫ്രീസറും ഉള്‍പ്പെടുന്നതാണ് മില്‍മ മിലി കാര്‍ട്ട്.

tRootC1469263">

മില്‍മ മിലി കാര്‍ട്ടിന്‍റെ വിപണന ഉദ്ഘാടനവും താക്കോല്‍ കൈമാറ്റവും വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് നിര്‍വഹിച്ചു. മില്‍മ ചെയര്‍മാന്‍ കെ.എസ്. മണിക്ക് താക്കോല്‍ കൈമാറിക്കൊണ്ടാണ് ഇ-വാഹനങ്ങള്‍ പുറത്തിറക്കിയത്. ചടങ്ങില്‍ മന്ത്രി 30 വാഹനങ്ങള്‍ ഫ്ളാഗ് ഓഫ് ചെയ്തു.

മില്‍മയുടെ മൂന്ന് പ്രാദേശിക യൂണിയനുകള്‍ക്ക് 10 മില്‍മ മിലി കാര്‍ട്ടുകള്‍ വീതം ലഭ്യമാകുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഈ വാഹനങ്ങളുടെ പ്രകടനം മികച്ചതാണെങ്കില്‍ 70 എണ്ണത്തിനു കൂടി ഓര്‍ഡര്‍ നല്കാനുള്ള സാധ്യത മില്‍മ പരിശോധിക്കും. പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി അവയെ മത്സരാധിഷ്ഠിതമാക്കുകയും ലാഭകരമാക്കുകയും ചെയ്യുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. 2016 മുതല്‍ വിവിധ ഘട്ടങ്ങളിലായി കെ.എ.എല്ലിന് സര്‍ക്കാര്‍ 58 കോടി രൂപ നല്‍കിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും കഴിഞ്ഞ വര്‍ഷം കെഎഎല്ലിന് 11.30 കോടി രൂപ ലഭ്യമാക്കി. ഇക്കൊല്ലമത് 11.50 കോടി രൂപയാക്കി വര്‍ധിപ്പിക്കാനായി. ഈ വര്‍ഷം ആദ്യമായി സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റുവരവ് 5000 കോടി രൂപയിലധികമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുമേഖലാ സ്ഥാപനമായ കെഎഎല്ലുമായി  കൈകോര്‍ത്ത് ഇ-കാര്‍ട്ട് വാഹനങ്ങള്‍ പുറത്തിറക്കുന്നത് മില്‍മയുടെ ഭാഗത്തുനിന്നുള്ള പ്രോത്സാഹജനകമായ നടപടിയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെ.ആന്‍സലന്‍ എംഎല്‍എ പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള സംരംഭങ്ങളുമായി മുന്നോട്ട് പോകാന്‍ മില്‍മ ലക്ഷ്യമിടുന്നുവെന്ന് മുഖ്യപ്രഭാഷണത്തില്‍ മില്‍മ ചെയര്‍മാന്‍ കെ. എസ്. മണി പറഞ്ഞു. വിവിധ വെല്ലുവിളികള്‍ക്കിടയിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 4,500 കോടി രൂപയുടെ വിറ്റുവരവ് നേടാന്‍ മില്‍മയ്ക്ക് കഴിഞ്ഞു. മൊത്ത ലാഭത്തില്‍ നിന്ന് ഏകദേശം 253 കോടി രൂപ കാലിത്തീറ്റ സബ്സിഡി, പാലിനുള്ള അധിക പ്രോത്സാഹനം എന്നിവയുടെ രൂപത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കി. കഴിഞ്ഞ വര്‍ഷം മില്‍മയുടെ അറ്റാദായത്തിന്‍റെ 98.5 ശതമാനവും ക്ഷീരകര്‍ഷകര്‍ക്കായി നീക്കിവച്ചിരുന്നു.

ക്ഷീരകര്‍ഷകരെ നിലനിര്‍ത്തുകയും കൂടുതല്‍ ആളുകളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുക എന്നതിനാണ് മുന്‍ഗണന നല്കുന്നത്. കേരളത്തിലെ 941 പഞ്ചായത്തുകളുടെ വാതില്‍പ്പടിയില്‍ മില്‍മ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന പദ്ധതി മില്‍മ വിഭാവനം ചെയ്യുന്നുണ്ട്. ഈ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ 941 സ്ത്രീകള്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ മില്‍മ എംഡി ആസിഫ് കെ യൂസഫ്, കെഎഎല്‍ ചെയര്‍മാന്‍ പുല്ലുവിള സ്റ്റാന്‍ലി എന്നിവരും പങ്കെടുത്തു.

മില്‍മയുടെ മൂന്ന് പ്രാദേശിക യൂണിയനുകളായ തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ (ടിആര്‍സിഎംപിയു), എറണാകുളം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ (ഇആര്‍സിഎംപിയു)), മലബാര്‍ റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ (എംആര്‍സിഎംപിയു) എന്നിവയ്ക്കിടയില്‍ വിതരണം ചെയ്യുന്നതിനായി 30 ഐസ്ക്രീം വെന്‍ഡിംഗ് വാഹനങ്ങളാണ് മില്‍മ പുറത്തിറക്കിയത്.

ടിആര്‍സിഎംപിയു ചെയര്‍പേഴ്സണ്‍ മണി വിശ്വനാഥ്, ഇആര്‍സിഎംപിയു ചെയര്‍മാന്‍ വല്‍സലന്‍ പിള്ള, അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എല്‍ റാണി, മുനിസിപ്പല്‍ കൗണ്‍സിലര്‍ അജിത കെ.എസ്, വ്യവസായ വകുപ്പിലെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആനി ജൂല തോമസ്, കെഎഎല്‍ എംഡി വി എസ് രാജീവ്, ബിപിടി എക്സിക്യൂട്ടീവ് ചെയര്‍മാന്‍ അജിത്കുമാര്‍ എന്നിവരും പങ്കെടുത്തു.

Tags