മഴക്കാല മുന്നൊരുക്കം: കരുതാം കന്നുകാലികളെയും; ജാഗ്രത നിർദേശവുമായി മലപ്പുറം ജില്ലാ മൃഗസംരക്ഷണ വകുപ്പ്

Heavy rain likely for five days in the state; Yellow alert in various districts

മലപ്പുറം : കാലവർഷം ശക്തമാകുന്നതോടെ കന്നുകാലികളിൽ വിവിധ തരത്തിലുള്ള രോഗങ്ങൾ പടർന്നുപിടിക്കാൻ സാധ്യതയുള്ളതിനാൽ ജില്ലയിലെ ക്ഷീരകർഷകർ അതീവ ജാഗ്രത പാലിക്കണമെന്ന് മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. ഈർപ്പമുള്ള കാലാവസ്ഥയായതിനാൽ മുടന്തൻപനി, കുളമ്പുരോഗം, പൂപ്പൽവിഷബാധ, അകിടുവീക്കം, കരളടപ്പൻ തുടങ്ങിയ രോഗങ്ങൾ വരാൻ സാധ്യത കൂടുതലാണ്. പൂർണ്ണമായ ശുചിത്വം പാലിച്ചുകൊണ്ടുള്ള പരിചരണമാണ് മൃഗങ്ങൾക്ക് അവശ്യം.

ചാണകക്കുഴി, മൂത്രച്ചാലുകൾ എന്നിവയിൽ മഴവെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. ഏതു കാലാവസ്ഥയിലും ചാണകവും മൂത്രവും തൊഴുത്തിന് സമീപം കെട്ടിക്കിടക്കാതെ തത്സമയം മാറ്റണം. തൊഴുത്ത് കഴുകി വൃത്തിയാക്കാൻ ബ്ലീച്ചിംഗ് പൗഡർ, അലക്കുകാരം, കുമ്മായം എന്നിവ ഉപയോഗിക്കാവുന്നതാണ്. തൊഴുത്തിന്റെ തറയിൽ വെള്ളമോ പാലോ കെട്ടിക്കിടക്കാതെ എപ്പോഴും ഉണക്കി സൂക്ഷിക്കണം. കൂടാതെ തൊഴുത്തിന്റെ പരിസരങ്ങളിൽ കൃത്യമായി കുമ്മായം വിതറുന്നത് രോഗാണുക്കളെ നശിപ്പിക്കാൻ സഹായിക്കും.

ജൂൺ, ജൂലൈ മാസങ്ങളിൽ തൊഴുത്തിലും പരിസരത്തും ഈച്ച, കൊതുക്, പട്ടുണ്ണി തുടങ്ങിയ പരാദങ്ങളുടെ ശല്യം വളരെ കൂടുതലായിരിക്കും. ഇവയെ നിയന്ത്രിക്കുന്നതിനായി തൊഴുത്തിൽ കർപ്പൂരം, കുന്തിരിക്കം, ഉണങ്ങിയ തുമ്പ എന്നിവ പുകയ്ക്കുന്നത് ഫലപ്രദമായ മാർഗ്ഗമാണ്. കന്നുകാലികളിലെ ബാഹ്യ-ആന്തരിക പരാദങ്ങൾക്കെതിരെ കൃത്യസമയത്ത് തന്നെ ആവശ്യമായ മരുന്നുകൾ നൽകണം. കാലിത്തീറ്റ, വൈക്കോൽ തുടങ്ങിയവ ഈർപ്പം തട്ടാതെ ഉണങ്ങിയ സ്ഥലങ്ങളിൽ വേണം സൂക്ഷിക്കാൻ. കുടിവെള്ളത്തൊട്ടികൾ ആഴ്ചയിലൊരിക്കൽ നന്നായി കഴുകി വൃത്തിയാക്കി അതിൽ പൂപ്പൽ പിടിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

തൊഴുത്തിന് മുകളിലൂടെയോ അതിനോട് ചേർന്നോ ഇലക്ട്രിക് ലൈനുകൾ കടന്നുപോകുന്നുണ്ടെങ്കിൽ കർഷകർ അതീവ ജാഗ്രത പാലിക്കണം. വൈദ്യുതി ആഘാതം, തീപ്പിടുത്തം, മിന്നൽ എന്നിവ നേരിടാനുള്ള സാധ്യതയുള്ളതിനാൽ ഇവ തമ്മിൽ കൃത്യമായ സുരക്ഷിത അകലമുണ്ടെന്ന് ഉറപ്പുവരുത്തണം. തൊഴുത്തിലെ വയറിംഗ് കൃത്യമായി എർത്ത് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. ഇടിമിന്നലുള്ള സന്ദർഭങ്ങളിൽ കന്നുകാലികളെ യാതൊരു കാരണവശാലും തുറസ്സായ സ്ഥലങ്ങളിൽ മേയാൻ വിടരുത്.

വെള്ളപ്പൊക്ക സാധ്യത കൂടുതലുള്ള പ്രദേശങ്ങളിലെ കർഷകർ, അടിയന്തര സാഹചര്യമുണ്ടായാൽ മൃഗങ്ങളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാൻ പറ്റിയ ഉയർന്ന സ്ഥലങ്ങൾ മുൻകൂട്ടി കണ്ടു വെക്കേണ്ടതാണ്.

Tags