കായിക ഹബ്ബാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം: കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ

Minister V Abdurahiman

ഇടുക്കി : ദ്രോണാചാര്യ കെ.പി തോമസ് മാഷിന്റെ പേരിൽ നാമകരണം ചെയ്ത പച്ചടി ജില്ലാ ഇൻഡോർ സ്റ്റേഡിയം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.  ഇന്ത്യയിലെ കായിക ഹബ്ബാക്കി കേരളത്തെ മറ്റുകയാണ് സർക്കാർ ലക്ഷ്യമെന്നും അതിനുള്ള പ്രവർത്തനങ്ങളാണ്   നടത്തുന്നതെന്നും മന്ത്രി വി.അബ്ദു റഹിമാൻ പറഞ്ഞു. കായിക മേഖലയിൽ അടിസ്ഥാന സൗകര്യം ഒരുക്കുകയെന്നത് സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. ഇന്ത്യയിൽ ആദ്യമായി കായികനയം  അവതരിപ്പിച്ച സംസ്ഥാനമാണ് കേരളം. കായിക മേഖലക്കുള്ള അടിസ്ഥാന വികസന ഫണ്ട് വർധിപ്പിക്കുമെന്നും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു.

tRootC1469263">

അതിന്റെ അടിസ്ഥാനത്തിൽ 5000 കോടി രൂപയാണ് കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ കായിക വികസനത്തിന് വകയിരുത്തിയത്.  സംസ്ഥാനത്ത് 10 ജില്ലാ ഇൻഡോർ സ്റ്റേഡിയങ്ങളാണ്  ഒരുക്കുന്നത്. 14 ജില്ലകളിലും സിന്തറ്റിക് സ്റ്റേഡിയം ഉറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞു. ഈ സർക്കാർ അധികാരത്തിലെത്തിയപ്പോൾ 2 സിന്തറ്റിക് ട്രാക്ക് എന്നത് നിലവിൽ  26 സിന്തറ്റിക് ട്രാക്ക് എന്ന നിലയിലേക്ക് എത്തിച്ചു. എല്ലാ പഞ്ചായത്തിലും കളിക്കളം എന്നത് രാജ്യത്താദ്യമായി നടപ്പാക്കുന്നത് കേരളമാണ്. തിരുവനന്തപുരത്ത് കായിക വകുപ്പിന് ആസ്ഥാന മന്ദിരം നിർമ്മിക്കും. കായിക ഭവന്റെ കീഴിൽ സംസ്ഥാനത്തെ കായിക പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മൂന്നാർ ഹൈ ആൾട്ടിറ്റിയൂഡ് സെന്ററിനെ മികച്ച സ്റ്റേഡിയമാക്കിമാറ്റുന്നതനുള്ള നടപടി പുരോഗമിക്കുകയാണ്. കൗണ്ടി ക്രിക്കറ്റ് ഗ്രൗണ്ട്, സ്‌പോർട്‌സ് ഹോസ്റ്റൽ, ഫുട്‌ബോൾ ഫീൽഡ്, ഹോഴ്‌സ് റൈഡിംഗ് സൗകര്യം എന്നിവ ഒരുക്കും. കായിക മേഖലയിൽ പ്രവർത്തിച്ച അഭിമാനതാരങ്ങളുടെ പേരാണ് ജില്ലാ സ്റ്റേഡിയങ്ങൾക്ക് നൽകിയിരിക്കുന്നതെന്നും ഇത് സമൂഹത്തിന് പ്രോത്സാഹനമാകുമെന്നും അതിന്റെ ഭാഗമായി ജില്ലയിലെ കായിക മേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ കെ.പി തോമസ് മാഷിന്റെ പേര് നൽകിയതെന്നും മന്ത്രി വ്യക്തമാക്കി. 

എം.എം  മണി എം.എൽ.എ അധ്യക്ഷനായി.  നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയവും, പച്ചടി  ഇൻഡോർ സ്റ്റേഡിയവും യാഥാർഥ്യമായതോടെ ഗ്രാമീണ മേഖലയുടെ പുരോഗതിക്കൊപ്പം കായിക മേഖലയുടെ വികസനത്തിനും, നിരവധി കായിക പ്രതിഭകളെ സൃഷ്ടിക്കാനും കഴിയുമെന്ന് എം.എൽ.എ പറഞ്ഞു. സർക്കാരും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാനും കായികക്ഷേമ രംഗത്ത് നടത്തുന്ന മികച്ച ഇടപെടലുകളെ തുടർന്നാണ് വലിയ പദ്ധതികൾ യാഥാർഥ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദ്രോണാചാര്യ കെ.പി തോമസ് മാഷിനെ മന്ത്രി വി. അബ്ദു റഹിമാൻ യോഗത്തിൽ ആദരിച്ചു.  സ്റ്റേഡിയം യാഥാർഥ്യമാക്കാൻ പ്രവർത്തിച്ച സർക്കാരിന്റെയും  എം.എം മണി എം.എൽ.എയുടെയും പ്രവർത്തനങ്ങൾ പ്രശംസനീയമാന്നെന്ന് തോമസ് മാഷ് പറഞ്ഞു. തന്റെ പേരിനും പ്രശസ്തിക്കും പുരസ്‌കാരങ്ങൾക്കും പിന്നിൽ തന്റെ കുട്ടികളും മാതാപിതാക്കളുമാണെന്നും, ഭാവി തലമുറയ്ക്ക് സ്റ്റേഡിയം പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബ സമേതമാണ് തോമസ് മാഷ് പരിപാടിയിൽ പങ്കെടുത്തത്. നിരവധി ശിഷ്യർ ഗുരുവിനെ സന്ദർശിച്ച് വിശേഷങ്ങൾ പങ്കുവച്ചും ഫോട്ടോയെടുത്തുമാണ് മടങ്ങിയത്. 
 

Tags