മെഡിസെപ് ചികിത്സ പാക്കേജ് പ്രകാരം പൂർത്തീകരിക്കണം: ഇൻഷ്യൂറൻസ് കമ്പനിയും സ്വകാര്യ ആശുപത്രിയും 3,22,865/രൂപ നഷ്പരിഹാരം നൽകണമെന്ന് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ

court


മലപ്പുറം : മെഡിസെപ് ആനുകൂല്യമുള്ളയാളുടെ ചികിത്സ പാക്കേജ് പ്രകാരം തന്നെ പൂർത്തീകരിക്കണമെന്നും അധികമായി പണം ഈടാക്കരുതെന്നും ഉപഭോക്തൃ കമ്മീഷൻ. മഞ്ചേരി തൃപ്പൻച്ചി സ്വദേശിയ്ക്ക് ഓറിയന്റൽ ഇൻഷ്യുറൻസ് കമ്പനിയും സ്വകാര്യ ആശുപത്രിയും ചേർന്ന് 3,22,865/രൂപ നഷ്ടപരിഹാരം നൽകണമെന്നും വിധി. മെഡിസെപ് കാർഡുടമയുടെ അവകാശികൾ സമർപ്പിച്ച ഹർജിയിലാണ് കമ്മീഷന്റെ വിധി.

70 വയസ്സുള്ള മെഡിസെപ് കാർഡുടമയെ ഗുരുതര രോഗബാധിതനായതോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ 2023 ഏപ്രിൽ അഞ്ചുമുതൽ  ഏപ്രിൽ 10 വരെ ചികിത്സിച്ചു.
71,441/ രൂപ ചികിത്സക്ക് ചെലവായെങ്കിലും 58,400/ രൂപ മാത്രമാണ് അനുവദിച്ചത്. പിന്നീടും രോഗം വർധിച്ചതിനെ തുടർന്ന് 2023 മെയ് 18 മുതൽ മെയ് 31 വരെ കിടത്തി ചികിത്സിച്ചു. 3,75,024/ രൂപ ചെലവായപ്പോൾ 90,200/ രൂപയാണ് അനുവദിച്ചത്. ഇതോടെയാണ് ചികിത്സാ ചെലവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.

ജില്ലാ തലത്തിലും അതിനുശേഷം സംസ്ഥാന തലത്തിലുമുള്ള മെഡിസെപ് പരാതി പരിഹാര അതോറിറ്റികളിൽ പോകാതെ ഉപഭോക്തൃ കമ്മീഷനിൽ ബോധിപ്പിച്ച പരാതി നിലനിൽക്കില്ലെന്ന ഇൻഷൂറൻസ് കമ്പനിയുടെ വാദം കമ്മീഷൻ നിരാകരിച്ചു. മെഡിസെപ് കാർഡുടമക്ക് ഉപഭോക്തൃ കമ്മീഷനിൽ നേരിട്ട് പരാതി നൽകുന്നതിന് തടസ്സമില്ലെന്ന സംസ്ഥാന ഉപഭോക്തൃകമ്മീഷന്റെ ഉത്തരവുകളിൽ പറഞ്ഞിട്ടുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി.

പാക്കേജ് പ്രകാരമുള്ള സംഖ്യ നൽകിയെന്ന ഇൻഷൂറൻസ് കമ്പനിയുടെ വാദവും കമ്മീഷൻ നിരാകരിച്ചു. അത് തെളിയിക്കുന്ന രേഖകൾ ഇൻഷ്യൂറൻസ് കമ്പനി ഹാജരാക്കിയിട്ടില്ല. മെഡി സെപ് പാക്കേജ് പ്രകാരമുള്ള ചികിത്സക്ക് അധിക സംഖ്യ വാങ്ങാൻ എംപാനൽ ചെയ്യപ്പെട്ട ആശുപത്രികൾക്ക് അധികാരമില്ല. അധിക സംഖ്യ ഈടാക്കുന്നതിന് രോഗിയിൽ നിന്നും മുൻകൂർ രേഖാമൂലം അനുമതി വാങ്ങണം. പക്കേജിനുപരിയായി വന്ന ചികിത്സാ ചെലവ് രോഗിയിൽ നിന്നും ഈടാക്കിയ സ്വകാര്യ ആശുപത്രിയുടെ നടപടി അനുചിതവും സേവനത്തിലെ വീഴ്ചയുമാണെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു.

ചികിത്സാ ചെലവിലേക്കുള്ള ബാക്കി സംഖ്യ 2,97,865/ രൂപയും നഷ്ടപരിഹാരമായി 20,000/ രൂപയും കോടതി ചെലവായി 5,000/ രൂപയും ഇൻഷ്യൂറൻസ് കമ്പനിയും ആശുപത്രിയും ചേർന്ന് 45 ദിവസത്തിനകം പരാതിക്കാർക്ക് നൽകണമെന്ന് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്റ വിധിച്ചു.
 

Tags