മലപ്പുറം ജില്ലാ വിജിലൻസ് സമിതി യോഗം ചേർന്നു

google news
vigilance

മലപ്പുറം : അഴിമതി ഇല്ലാതാക്കാനും സേവനങ്ങൾ സുതാര്യമാക്കുന്നതിനുംപൊതുജനങ്ങൾക്കുള്ള ഓൺ ലൈൻ സേവനങ്ങൾ കാര്യക്ഷമമാക്കണമെന്ന് എ.ഡി.എം എൻ.എം മെഹറലി പറഞ്ഞു. ഇതു സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വിജിലൻസ് സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അഴിമതി ഇല്ലാതാക്കാൻ വിവിധ ഓഫീസുകളിൽ ഏജന്റുമാരുടെ ഇടപെടൽ പൂർണമായും അവസാനിപ്പിക്കണമെന്ന് വിജിലൻസ് ഡി.വൈ.എസ്.പി ഫിറോസ് എം ഷെഫീക്ക് പറഞ്ഞു. ഇതിനായി ഉദ്യോഗസ്ഥർക്കിടയിൽ ക്യാമ്പയിൻ നടത്തും.പൊതുമരാമത്ത് വകുപ്പിന്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും പ്രവൃത്തികൾ നടക്കുന്ന സ്ഥലങ്ങളിൽ ബോർഡ് പ്രദർശിപ്പിക്കുന്നില്ല എന്ന പരാതി അംഗങ്ങൾ സമിതിയിൽ ഉന്നയിച്ചു. ഭൂമി തരം മാറ്റുന്നതിനും പട്ടയത്തിനുള്ള അപേക്ഷയിലും ഏജന്റുമാർ ഇടപെടുന്ന സാഹചര്യമുണ്ടെന്നും യോഗത്തിൽ വിമർശനമുയർന്നു.

വിവിധ വിഷയങ്ങളിലായി നാല് പരാതികളാണ് സമിതിക്ക് ലഭിച്ചത്. നടപടികളുടെ വിശദാംശങ്ങൾ അടുത്ത യോഗത്തിൽ തന്നെ അറിയിക്കുമെന്ന് വിജിലൻസ് ഡിവൈ.എസ്.പി അറിയിച്ചു. വിജിലൻസ് സമിതി അംഗങ്ങളായ കുഞ്ഞാലൻ വെന്നിയൂർ, നജീബ് കുരുണിയൻ, സി.പി.ഐ (എം) പ്രതിനിധി കെ.പി സുമതി, കേരള കോൺഗ്രസ് പ്രതിനിധി നസീർ മുണ്ടുപറമ്പ്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags