മലപ്പുറത്ത് യുവാവിന് സൂര്യാതപമേറ്റു
മലപ്പുറം : ജില്ലയിൽ വേനൽചൂട് അതികഠിനമാകുന്നതിനിടെ കരിപ്പൂർ കുമ്മിണിപറമ്പിൽ മരപ്പണിയിൽ ഏർപ്പെട്ടിരുന്ന യുവാവിന് സൂര്യാതപമേറ്റു. മേലെ മംഗലത്ത് അഖിലിനാണ് ജോലിസ്ഥലത്ത് വെച്ച് പൊള്ളലേറ്റത്. വയറിൽ അസഹ്യമായ നീറ്റൽ അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ പൊള്ളലേറ്റ പാടുകൾ കണ്ടെത്തുകയും ഉടൻ തന്നെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. യുവാവ് നിലവിൽ നിരീക്ഷണത്തിലാണ്.
സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂരിൽ 40 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മറ്റ് ജില്ലകളിലും സാധാരണയേക്കാൾ 5 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു. പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും നിർമ്മാണ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ കർശന മുൻകരുതൽ എടുക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
.jpg)

