മലപ്പുറം ജില്ലയിലെ അനധികൃത ക്വാറികള്‍ക്കെതിരെ നടപടി സ്വീകരിക്കും
മലപ്പുറം : ജില്ലയിലെ അനധികൃത ചെങ്കല്‍ - കരിങ്കല്‍ ക്വാറികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. മലപ്പുറം വേങ്ങര റോഡില്‍ പാണക്കാട് മണ്ണിടിച്ചില്‍ ഉണ്ടായ സാഹചര്യത്തിലാണ് ജിയോളജി, പഞ്ചായത്ത്, പോലീസ്, റവന്യൂ,ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, വകുപ്പുകളുടെ സംയുക്ത യോഗം ചേര്‍ന്നത്.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ കണ്ടെത്തുന്നതിനും അനുമതിയില്ലാതെ മണ്ണെടുക്കുന്നത് തടയാനും കെട്ടിട നിർമ്മാണ പെർമിറ്റ് ഇല്ലാത്ത നിർമ്മാണ പ്രവർത്തനങ്ങൾ കണ്ടെതുന്നതിനും ജിയോളജി, പോലീസ്, റവന്യൂ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തും. അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം തടയുന്നതിന് പോലീസ്, റവന്യൂ, പഞ്ചായത്ത് വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കും. ക്വാറി ഉല്‍പ്പന്നങ്ങളുമായി പോകുന്ന ടിപ്പര്‍ ലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പരിശോധിക്കും. സംസ്ഥാന- ദേശീയ പാതകളുടെ വശങ്ങളിലെ കയ്യേറ്റം കണ്ടെത്തി ഒഴിപ്പിക്കും.
യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, എ.ഡി.എം. ഇന്‍ ചാര്‍ജ് അന്‍വര്‍ സാദത്ത്, സബ്കളക്ടര്‍മാരായ ദിലീപ് കെ.കൈനിക്കര, സാക്ഷി മോഹന്‍, ജില്ലാ ജിയോളജിസ്റ്റ് റീന നാരായണന്‍ മറ്റു വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, വിവിധ താലൂക്ക് തഹസില്‍ദാര്‍മാര്‍, പൊലീസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
.jpg)

