ഭാരതപ്പുഴയിൽ പന്തെടുക്കാൻ ഇറങ്ങിയ 14കാരൻ മുങ്ങിമരിച്ചു
മലപ്പുറം പുറത്തൂരിൽ ഭാരതപ്പുഴയിൽ മുങ്ങി വിദ്യാർത്ഥി മരിച്ചു. കളൂർ സ്വദേശി ഉള്ളാട്ടിൽ മുനീറിന്റെ മകൻ മുഹമ്മദ് ബിലാൽ (14) ആണ് ദാരുണമായി മരണപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവം.
സുഹൃത്തുക്കൾക്കൊപ്പം എ.വി.എസ് കടവിനടുത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ പന്ത് അബദ്ധത്തിൽ പുഴയിലേക്ക് വീഴുകയായിരുന്നു. പന്തെടുക്കാൻ പുഴയിലിറങ്ങിയ ബിലാൽ ഒഴുക്കിൽപ്പെടുകയായിരുന്നു. ബിലാലിനെ രക്ഷിക്കാൻ കൂടെയുണ്ടായിരുന്ന മുഹമ്മദ് അഫ്‌നാൻ (14) ശ്രമിച്ചെങ്കിലും സാധിച്ചില്ല. അഫാനും വെള്ളത്തിൽ മുങ്ങിത്തുടങ്ങിയപ്പോൾ മറ്റ് കുട്ടികൾ ബഹളം വെച്ച് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് അഫാനെ രക്ഷപ്പെടുത്തിയെങ്കിലും ബിലാലിനെ രക്ഷിക്കാൻ സാധിച്ചില്ല.
പിന്നീട് നാട്ടുകാർ ചേർന്ന് ബിലാലിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ അഫാൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
.jpg)

