തദ്ദേശ തെരഞ്ഞെടുപ്പ്: മലപ്പുറത്ത് നിരീക്ഷകരുടെ യോഗം ചേർന്നു

Local body election draft voter list: 19,81,739 voters in Kannur

 മലപ്പുറം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മലപ്പുറം ജില്ലയിൽ നിയമിതരായ പൊതു നിരീക്ഷകൻ്റെയും ചെലവു നിരീക്ഷകരുടെയും യോഗം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ വി.ആർ.വിനോദിന്റെ അധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ ചേർന്നു. തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ നിരീക്ഷകർ ജില്ലയിൽ ക്യാമ്പു ചെയ്ത് ഇലക്ഷൻ പ്രവർത്തനങ്ങളും സ്ഥാനാർഥികളുടെ പ്രചാരണവുമായി ബന്ധപ്പെട്ട ചെലവുകളും നിരീക്ഷിക്കും. ആറു ചെലവ് നിരീക്ഷകരുടെ നേതൃത്വത്തിലാണ് ത്രിതല പഞ്ചായത്തുകളിലേയും നഗരസഭകളിലേയും തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം. കളക്ട്രേറ്റിലെ ഫിനാൻസ് ഓഫിസറാണ് ജില്ലാതല ചെലവ് നിരീക്ഷണ സംവിധാനത്തിന്റെ നോഡൽ ഓഫിസർ. 

tRootC1469263">

ചെലവ് നിരീക്ഷണത്തിനു പുറമെ അനധികൃതവും സംശയാസ്പദവുമായ പണമിടപാടുകൾ, അനധികൃത മദ്യം - മയക്കുമരുന്ന് കടത്ത്, തെറ്റായ രീതികളിൽ വോട്ടർമാരെ സ്വാധീനിക്കൽ തുടങ്ങിയവ നിരീക്ഷിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മാർഗനിർദ്ദേശ പ്രകാരം എല്ലാ സ്ഥാനാർഥികളും ചെലവുകൾ പരിമിതപ്പെടുത്തണമെന്നും ഹരിത പെരുമാറ്റ ചട്ടം കർശനമായി പാലിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികൾ നിർദ്ദിഷ്ട മാതൃകയിൽ തെരഞ്ഞെടുപ്പ് വരവ് ചെലവ് കണക്കുകൾ യഥാ സമയം എഴുതി സൂക്ഷിക്കേണ്ടതും ചെലവ് നിരീക്ഷകർ ആവശ്യപ്പെടുന്ന പക്ഷം ലഭ്യമാക്കേണ്ടതുമാണ്.
ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിക്കായി പരമാവധി 25000 രൂപയും ബ്ലോക്ക് പഞ്ചായത്തിലേക്കും നഗരസഭയിലേക്കും
മത്സരിക്കുന്ന സ്ഥാനാർത്ഥിക്കായി പരമാവധി 75000 രൂപയും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥിക്കായി പരമാവധി 1.5 ലക്ഷം രൂപയുമാണ് ചെലവഴിക്കാവുന്നത്. സ്ഥാനാർത്ഥികൾ സൂക്ഷിക്കുന്ന വരവ് ചെലവ് കണക്കുകൾ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം 30 ദിവസത്തിനകം അധികാരപ്പെട്ട ഉദ്യോഗസ്ഥർ മുമ്പാകെ നിർദ്ദിഷ്ട മാതൃകയിൽ സമർപ്പിക്കേണ്ടതാണ്. ഇതിൽ വീഴ്ച വരുത്തുന്ന സ്ഥാനാർത്ഥികൾ തുടർന്നുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യരാക്കപ്പെടുന്നതാണ്. 

തെരഞ്ഞെടുപ്പ് വരവ് ചെലവ് കണക്കുകൾ സൂക്ഷിക്കുന്നതിലും അവ യഥാ സമയം കൃത്യമായ മാതൃകയിൽ അധികാരപ്പെട്ട ഉദ്യോഗസ്ഥർ മുമ്പാകെ സമർപ്പിക്കുന്നതിലും ശ്രദ്ധ പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
സ്ഥാനാർത്ഥികളുടെ പ്രചാരണ യോഗങ്ങളിൽ അമിതമായ പണത്തിന്റെ സ്വാധീനവും ആർഭാടവുമുണ്ടോയെന്ന് നിരീക്ഷേണ്ടതും നടത്തപ്പെടുന്ന യോഗങ്ങളുടെ രീതിക്ക് അനുയോജ്യമായ തുകയാണോ ദിനംപ്രതിയുള്ള കണക്കിൽ അവർ രേഖപ്പെടുത്തിയിട്ടുള്ളതെന്നും നിരീക്ഷകർ കണക്കുകൾ വാങ്ങി പരിശോധിക്കും. 
സ്ഥാനാർത്ഥികൾ പ്രചാരണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങൾ, അച്ചടിച്ച നോട്ടീസുകൾ. ചുവർ പരസ്യങ്ങൾ, ബാനറുകൾ, കമാനങ്ങൾ, നടത്തിയ യോഗങ്ങൾ, മറ്റുപരിപാടികൾ തുടങ്ങിയവ സംബന്ധിച്ച് ചെലവ് നിരീക്ഷകൻ പ്രത്യേക നിരീക്ഷണവും അന്വേഷണവും നടത്തും. ചെലവ് നിരീക്ഷകൻ ആവശ്യപ്പെടുമ്പോൾ അതുവരെയുള്ള കണക്കുകൾ സ്ഥാനാർത്ഥിയോ എജന്റോ ഹാജരാക്കണം. സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് നോട്ടീസുകളിലും ലഘുലേഖകളിലും പ്രസാധകന്റെയും പ്രസ്സുടമയുടെയും വിശദാംശം, അച്ചടിച്ച കോപ്പികളുടെ എണ്ണം മുതലായ വിവരങ്ങൾ നൽകിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതടക്കമുള്ള ചുമതലകൾ ചെലവു നിരീക്ഷകർ നിർവഹിക്കും.

യോഗത്തിൽ പൊതു നിരീക്ഷകനായ പി.കെ. അസിഫ്, ചെലവു നിരീക്ഷകരായ വിനോദ് ശ്രീധർ, മുഹമ്മദ് റിജാം, എം.ആർ.ധന്യ, കെ. സുനിൽകുമാർ, തോമസ് സാമുവൽ എ. നൗഷാദ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ഇ.ആർ.ജയന്തി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.മുഹമ്മദ്, ആർ.ടി.ഒ. ബി.ഷരീഫ്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ. ജിനേഷ്, തുടങ്ങിയവർ സംബന്ധിച്ചു.
 

Tags