നവകേരള സദസ്സിന് കൊണ്ടോട്ടി ഒരുങ്ങുന്നു: മലപ്പുറം ജില്ലാ കളക്ടർ വി.ആർ വിനോദ് പന്തലിന് കാൽനാട്ടി

google news
dfj

മലപ്പുറം : മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ജനങ്ങൾക്കിടയിലേക്ക് എത്തുന്ന നവകേരള സദസ്സിന് കൊണ്ടോട്ടി മണ്ഡലത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സംസ്ഥാന ചരിത്രത്തിലെ നാഴികക്കല്ലാവുന്ന പരിപാടിയുടെ പന്തലിന് കാൽനാട്ട് കർമം ജില്ലാ കളക്ടർ വി.ആർ വിനോദ് നിർവഹിച്ചു. മേലങ്ങാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നവംബർ 29നാണ് കെണ്ടോട്ടി മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കുക.

5000ത്തിലധികം ആളുകളെ ഉൾകൊള്ളാൻ കഴിയുന്ന രീതിയിലുള്ള പന്തലാണ് ഒരുക്കുന്നത്. പതിനായിരത്തിലധികം ആളുകളെ പ്രതീക്ഷിക്കുന്ന പരിപാടിയിൽ പൊതുജനങ്ങൾക്ക് യാതൊരുവിധ പരാതികൾക്കും ഇടവരുത്താതെയുള്ള ക്രമീകരണങ്ങളാണ് ഒരുക്കുക. പരാതി പരിഹാര കൗണ്ടറുകളിലേക്കെത്തുന്നവർക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകാനും സഹായത്തിനും വാളണ്ടിയർമാർ, ആവശ്യത്തിനുള്ള കുടിവെള്ളം, അടിയന്തിര മെഡിക്കൽ സഹായം, സുഗമമായ യാത്രക്ക് ഗതാഗത നിയന്ത്രണം, വിവിധ സേനകളുടെ സുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങി കുറ്റമറ്റ രീതിയിലുള്ള പ്രവർത്തനങ്ങളാണ് സംഘാടക സമിതിയുടെ നേതൃത്വത്തിൽ കൊണ്ടോട്ടി മണ്ഡലത്തിൽ നടക്കുന്നത്.

പരിപാടിയുടെ പ്രചരണാർഥം മുഖ്യമന്ത്രിയുടെ ക്ഷണക്കത്ത്, ലഘുലേഖ തുടങ്ങിയവ ഓരോ കുടുംബങ്ങളിലും എത്തിച്ചുകൊണ്ടിരിക്കുകയാണ്. മണ്ഡലത്തിലെ എല്ലായിടങ്ങളിലും പോസ്റ്ററുകൾ, ബോർഡുകൾ തുടങ്ങിയവ സ്ഥാപിച്ചും വികസന മുന്നേറ്റങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ നിർമ്മിച്ചും മണ്ഡലത്തിലെ പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.

പരിപാടിയിൽ പെരിന്തൽമണ്ണ സബ് കളക്ടർ ശ്രീധന്യ സുരേഷ്, ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ അരുൺ, തഹസിൽദാർ അബൂബക്കർ പുലികുത്ത്, നഗരസഭാ സെകട്ടറി ഫിറോസ്ധാൻ, പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടിവ് എജിനീയർ, ഡെപ്യൂട്ടി തഹസിൽദാർ തുടങ്ങിയവർ പങ്കെടുത്തു.

Tags