കാരാട്-മൂളപ്പുറം-ചണ്ണയിൽ പള്ളിയാളി റോഡ് ശോചനീയാവസ്ഥ; ബഹുജന പ്രക്ഷോഭം


ഒരു വർഷം മുൻപ് ജില്ലാ പഞ്ചായത്ത് അനുവദിച്ച ഒരു കോടി രൂപക്ക് ടെണ്ടർ എടുത്ത് റോഡ് പൊളിച്ചിട്ട് ബാക്കി പ്രവർത്തി എടുക്കാതെ റോഡ് കൂടുതൽ വശളാക്കിയ കരാറുകാരനെതിരെയും അതിന് കൂട്ട് നിന്ന എക്സിക്യൂട്ടീവ് എഞ്ചിനീയർക്കെതിരെയും നടപടി ആവശ്യപ്പെട്ടു.
മലപ്പുറം : ഏറെ നാളുകളായി ശോചനീയാവസ്ഥ തുടരുന്ന കാരാട്-മൂളപ്പുറം-ചണ്ണയിൽ പള്ളിയാളി റോഡിൻ്റെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആക്ഷൻ കമ്മിറ്റിയുടെയും ഈ റോഡ് കടന്ന് പോകുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ കരാട് ജങ്ഷനിൽ നടന്ന ഉപരോധ ധർണ്ണ അധികാരികൾക്ക് താക്കീതായി.
വാഴയൂരിലെ തീരദേശ പ്രദേശങ്ങളിൽ നിന്നായി കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ആയിരങ്ങളാണ് ധർണ്ണയിൽ പങ്കാളികളായായത്. റോഡ് ഉപരോധത്തെ തുടർന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി വാസുദേവൻ മാസ്റ്റർ, റോഡ് ആക്ഷൻ കമ്മിറ്റി കൺവീനർ എം.കെ മൂസ്സാ ഫൗലദ്, പഞ്ചായത്തംഗം കെ.പി രാജൻ, ജുനൈദ് പാറോൽ എന്നിവരെ അറസ്റ്റ് ചെയ്തു നീക്കി.

ഒരു വർഷം മുൻപ് ജില്ലാ പഞ്ചായത്ത് അനുവദിച്ച ഒരു കോടി രൂപക്ക് ടെണ്ടർ എടുത്ത് റോഡ് പൊളിച്ചിട്ട് ബാക്കി പ്രവർത്തി എടുക്കാതെ റോഡ് കൂടുതൽ വശളാക്കിയ കരാറുകാരനെതിരെയും അതിന് കൂട്ട് നിന്ന എക്സിക്യൂട്ടീവ് എഞ്ചിനീയർക്കെതിരെയും നടപടി ആവശ്യപ്പെട്ടു.
റോഡിലെ കുഴിയിൽ വീണ് ഗുരുതരമായി പരിക്കേറ്റ സ്ത്രീയുടെ പരാതിയിൽ വാഴക്കാട് പൊലീസ് കേസ് എടുക്കുന്നതിൽ കാണിച്ച നിസംഗതക്കെതിരെയും നവകേരള സദസ്സിൽ അനുവദിച്ച 7 കോടി രൂപക്ക് സംസ്ഥാന സർക്കാറിൻ്റെ ഭരണാനുമതി വൈകുന്നതിലും പ്രതിഷേധിച്ചാണ് കാരാട്, പൊന്നേംപാടം, തിരുത്തിയാട്, പുഞ്ചപ്പാടം, ചണ്ണയിൽ പള്ളിയാളി വാർഡുകളിലെ ജനങ്ങൾ സമരത്തിനിറങ്ങിയത്.
നടപടി വൈകുന്ന പക്ഷം ജനപ്രതിനിധികളുടെ നിരാഹാര സമരം, കോഴിക്കോട്-പാലക്കാട് ദേശീയ പാത ഉപരോധം ഉൾപ്പെടെ സംഘടിപ്പിക്കുമെന്ന് ആക്ഷൻ കമ്മിറ്റി താക്കീത് നൽകിയിട്ടുണ്ട്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി വാസുദേവൻ മാസ്റ്റർ അധ്യക്ഷനായി. എം.കെ മൂസ്സാ ഫൗലദ്, സി.ചന്ദ്രൻ, റാഷിദാ ഫൗലദ്, കെ.പി രാജൻ, പി.സി പത്മാവതി, സുധ കൊല്ലേരിത്തൊടി എന്നിവർസംബന്ധിച്ചു