മലപ്പുറം ജില്ലയിൽ ബാങ്കിംഗ് മേഖലയിൽ വൻ മുന്നേറ്റം: വായ്പാ നിക്ഷേപ അനുപാതം 67.11 ശതമാനമായി ഉയർന്നു

bank

മലപ്പുറം  : മലപ്പുറം ജില്ലയിലെ ബാങ്കിംഗ് മേഖല കഴിഞ്ഞ സാമ്പത്തിക പാദത്തിൽ മികച്ച പുരോഗതി കൈവരിച്ചതായി ജില്ലാതല അവലോകന സമിതി (ഡി.എൽ.ആർ.സി.) യോഗം വിലയിരുത്തി. 2025 ഡിസംബറിൽ അവസാനിച്ച പാദത്തിലെ കണക്കുകൾ പ്രകാരം ജില്ലയുടെ വായ്പാ നിക്ഷേപ അനുപാതം 67.11 ശതമാനമായി വർധിച്ചു. റിസർവ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള 60 ശതമാനം എന്ന പരിധിയേക്കാൾ ഏറെ മുന്നിലാണിത്. ബാങ്ക് നിക്ഷേപം 2025സെപ്റ്റംബറിലെ 46,607 കോടി രൂപയിൽ നിന്ന് ഡിസംബറിൽ 5,796 കോടി രൂപയുടെ വർധനയോടെ  52,403 കോടി രൂപയായി ഉയർന്നു. വായ്പകൾ സെപ്റ്റംബറിലെ 30,204 കോടി രൂപയിൽ നിന്ന് 4,962 കോടി രൂപയുടെ വർധന രേഖപ്പെടുത്തി 35,166 കോടി രൂപയിൽ എത്തി. ആകെ വായ്പയുടെ 56.01 ശതമാനവും (19,697 കോടി രൂപ) മുൻഗണനാ മേഖലയിലേക്കാണ് നൽകിയിരിക്കുന്നത്.

tRootC1469263">

സെപ്റ്റംബർ പാദത്തെ അപേക്ഷിച്ച് ഡിസംബറിൽ എല്ലാ മേഖലകളിലും വായ്പാ വിതരണത്തിൽ വലിയ മുന്നേറ്റം ദൃശ്യമാണ്. പ്രൈമറി സെക്ടറിൽ 55 ശതമാനത്തിൽ നിന്ന് 87 ശതമാനത്തിലേക്കും, സെക്കൻഡറി സെക്ടറിൽ 63 ശതമാനത്തിൽ നിന്ന് 80 ശതമാനത്തിലേക്കും നേട്ടം ഉയർത്താൻ ബാങ്കുകൾക്ക് സാധിച്ചു.

വിവിധ ബാങ്കുകളിലെ വായ്പ നിക്ഷേപ അനുപാതം താഴെ പറയുന്നു. കെ.ജി.ബി (85.17 ശതമാനം), കാനറാബാങ്ക് (78.18 ശതമാനം), എസ്.ബി.ഐ (47.89 ശതമാനം), ഫെഡറൽ ബാങ്ക് (30.43 ശതമാനം), സൗത്ത് ഇന്ത്യൻ ബാങ്ക് (39.01 ശതമാനം) എന്നിങ്ങനെയാണ് മറ്റ് ബാങ്കുകളുടെ വായ്പ നിക്ഷേപ അനുപാതം.

മലപ്പുറം റൂബി ലോഞ്ചിൽ നടന്ന ജില്ലാതല ബാങ്കിങ് അവലോകനയോഗം പി. ഉബൈദുള്ള എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പ്രവാസി നിക്ഷേപം കൂടുതൽ മലപ്പുറം ജില്ലയിലാണ്. അതുകൊണ്ട് തന്നെ പ്രവാസികൾക്ക് കൂട്ടായി സംരംഭം തുടങ്ങാനുള്ള പദ്ധതികൾക്ക് ബാങ്കുകൾ മുൻകൈ എടുക്കണമെന്ന് എം.എൽ.എ. പറഞ്ഞു. കർഷകർക്ക് അവരുടെ കാർഷിക പ്രവർത്തനങ്ങൾക്ക് മതിയായതും സമയബന്ധിതവുമായ വായ്പ നൽകാൻ സഹായിക്കുന്ന പദ്ധതിയായ കിസാൻ ക്രെഡിറ്റ് കാർഡ് പരമാവധി ഉപഭോക്താക്കളിലെത്തിക്കാൻ ശ്രമിക്കണമെന്ന് യോഗം നിർദ്ദേശിച്ചു. ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ അധ്യക്ഷത വഹിച്ചു. മലപ്പുറം എൽ.ഡി.എം എം.വി. അഞ്ജനദേവ്, തിരുവനന്തപുരം ആർ.ബി.ഐ. എൽ.ഡി.ഒ. വി.എസ്. അഖിൽ, കനറാ ബാങ്ക് റീജിയണൽ ഹെഡ് പുലി സായ് കൃഷ്ണ, മലപ്പുറം നബാർഡ് ഡി.ഡി.എം മുഹമ്മദ് റിയാസ്, എസ്.ബി.ഐ, കനറാ ബാങ്ക്, കേരള ഗ്രാമീണ് ബാങ്ക്, ഫെഡറൽ ബാങ്ക്, മറ്റു ബാങ്കുകളുടെ പ്രതിനിധികൾ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
 

Tags