ആൺകുട്ടികളോ പെൺകുട്ടികളോ മാത്രം പഠിക്കുന്ന സ്കൂളുകളെ മിക്സഡ് സ്കൂളുകളാക്കി മാറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി നിർബന്ധമാക്കിയത് എന്തിന് ? ഹൈക്കോടതി

Delay in filing complaint in sexual assault cases against children is not a reason to quash the case, says High Court

 ആൺകുട്ടികളോ പെൺകുട്ടികളോ മാത്രം പഠിക്കുന്ന സ്കൂളുകളെ മിക്സഡ് സ്കൂളുകളാക്കി മാറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി നിർബന്ധമാക്കിയത് എന്തിനെന്ന ചോദ്യവുമായി ഹൈക്കോടതി.ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കുന്നതിൽ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി വൈകുന്നതിനെതിരെ സ്കൂൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് കെ വി ജയകുമാർ ഈ നിരീക്ഷണം നടത്തിയത്.

സർക്കാർ സർക്കുലർ പ്രകാരം സ്കൂൾ മിക്സഡ് ആക്കാൻ അതത് തദ്ദേശസ്ഥാപനങ്ങളുടെ അനുമതി ആവശ്യമാണ്. എന്നാൽ, ഈ സർക്കുലർ നിയമപരമല്ലെന്നാണ് ഹർജിക്കാരുടെ വാദം. വിദ്യാഭ്യാസ ചട്ടങ്ങൾ പ്രകാരം ഇത്തരത്തിലുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് വിദ്യാഭ്യാസ ഡയറക്ടറാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചു. അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങൾക്ക് പ്രത്യേക മാർഗനിർദേശങ്ങളില്ലെന്നും ഹർജിക്കാർ വ്യക്തമാക്കി. ഹൈക്കോടതി മുൻപ് ഉത്തരവിട്ടിട്ടും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി അനുകൂല തീരുമാനം എടുത്തില്ലെന്നും കോടതിയെ അറിയിച്ചു.

ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച്‌ പഠിപ്പിക്കുകയെന്നതാണ് സർക്കാരിന്റെ നയമെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഹർജിയിൽ അടിയന്തരമായി തീരുമാനം എടുക്കാൻ മുനിസിപ്പാലിറ്റിയോട് കോടതി നിർദേശിച്ചു. തീരുമാനം വൈകുകയാണെങ്കിൽ മുനിസിപ്പാലിറ്റിയുടെ അനുമതി ഇല്ലാതെയും ആൺകുട്ടികൾക്ക് പ്രവേശനം നൽകുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകാമെന്നും സ്കൂളിന് കോടതി അനുമതി നൽകി.

Tags