തദ്ദേശ തിരഞ്ഞെടുപ്പ്: 33,711 പോളിംഗ് സ്റ്റേഷനുകൾ ഒരുങ്ങുന്നു
തദ്ദേശ സ്ഥാപനങ്ങളിലേക്ക് രണ്ട് ഘട്ടമായി നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് 33,711 പോളിംഗ് സ്റ്റേഷനുകൾ ഒരുങ്ങുന്നു. ത്രിതല പഞ്ചായത്തുകളിൽ 28,127, മുനിസിപ്പാലിറ്റികളിൽ 3569, കോർപ്പറേഷനുകളിൽ 2015 പോളിംഗ് സ്റ്റേഷനുകളുമാണുള്ളത്. ഡിസംബർ 9, 11 തീയതികളിൽ നടക്കുന്ന വോട്ടെടുപ്പിൽ പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.
tRootC1469263">പോളിംഗ് സ്റ്റേഷനുകളിലേയും അവയുടെ പരിസരത്തെയും എല്ലാ പ്രവർത്തനങ്ങളിലും പൂർണ്ണമായും ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് കമ്മീഷൻ നിർദ്ദേശിച്ചു. വോട്ടെടുപ്പ് ദിവസം ഉപയോഗശൂന്യമായ പേപ്പറുകളും മറ്റ് പാഴ്വസ്തുക്കളും വേർതിരിച്ച് ശേഖരിക്കാനും ഹരിത ചട്ടങ്ങളനുസരിച്ച് നശിപ്പിക്കാനും അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാർ നടപടി സ്വീകരിക്കണം. ആവശ്യമായിടത്ത് ഹരിതകർമ്മസേനയുടെ സേവനം പ്രയോജനപ്പെടുത്തണം.
പോളിംഗ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുള്ള കെട്ടിടങ്ങളിൽ വൈദ്യുതി, കുടിവെള്ളം, ഫർണിച്ചറുകൾ, ടോയ്ലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുണ്ടെന്ന് ഉറപ്പാക്കണം. വോട്ടർമാർക്ക് കാത്തിരിപ്പിനായി പുറത്ത് ബെഞ്ചുകളും കസേരകളും തണലിനുള്ള സൗകര്യങ്ങളും ഒരുക്കണം.
പോളിംഗ് സ്റ്റേഷനുകളിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക സൗകര്യമൊരുക്കുന്നതിന് ശ്രദ്ധ നൽകണം. കെട്ടിടത്തിൽ പ്രവേശിക്കുന്നതിന് റാമ്പ് സൗകര്യമില്ലെങ്കിൽ അത് താൽക്കാലികമായി ഒരുക്കണം. ഇവർക്കായി വിശ്രമസൗകര്യം പോളിംഗ് സ്റ്റേഷനിലോ സമീപത്തോ സജ്ജീകരിക്കണം. കാഴ്ചപരിമിതർ, ഭിന്നശേഷിക്കാർ, രോഗികൾ, മുതിർന്നവർ എന്നിവർക്ക് ക്യൂ നിൽക്കാതെ വോട്ട് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തണം. അന്ധതയുള്ളതോ അവശതയുള്ളതോ ആയ വോട്ടർമാർക്ക് ഒരു സഹായിയെ അനുവദിക്കുന്നതിനും പ്രത്യേക നിർദ്ദേശം നൽകണം.
പോളിംഗ് ദിവസവും തലേദിവസവും ആവശ്യമായ ലൈറ്റും ഫാനുകളും പ്രവർത്തനക്ഷമമാക്കണം. വൈദ്യുതി, വെള്ളം എന്നിവ കെട്ടിടത്തിൽ ലഭ്യമല്ലെങ്കിൽ കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി പ്രാദേശിക ഓഫീസുകളുമായി ബന്ധപ്പെട്ട് അത് ഉറപ്പാക്കണം. സാധിക്കാത്തപക്ഷം പോർട്ടബിൾ സംവിധാനങ്ങൾ ഏർപ്പെടുത്തണം. വെളിച്ചമില്ലാത്ത സാഹചര്യങ്ങൾ ഒഴിവാക്കാൻ മുൻകരുതലുകൾ നിർബന്ധമായും സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.ടോയ്ലറ്റ് സൗകര്യം ഇല്ലാത്ത സ്ഥലങ്ങളിൽ അതിനുള്ള ക്രമീകരണം അടിയന്തരമായി നടത്തണം. ഇതിനായി സമീപ സ്ഥാപനങ്ങളിലോ വീടുകളിലോ സൗകര്യം ഉപയോഗപ്പെടുത്തണം. പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണ വിതരണം കുടുംബശ്രീയുടെ സഹകരണത്തോടെ നടത്താനുള്ള സാധ്യത പരിശോധിക്കണമെന്നും കമ്മീഷൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ഉൾപ്രദേശത്തുള്ള പോളിംഗ് സ്റ്റേഷനുകളിലെത്തുന്ന വഴികൾ വൃത്തിയാക്കുകയും, സ്റ്റേഷനുകളുടെ പരിസരം ശുചിയായി സൂക്ഷിക്കുന്നതിനുള്ള നടപടികൾ വോട്ടെടുപ്പിന് രണ്ട് ദിവസം മുൻപ് പൂർത്തിയാക്കുകയും വേണം. പോളിംഗ് ടീമുകൾ എത്തുമ്പോൾ സ്റ്റേഷനുകൾ വൃത്തിയായിരിക്കുകയും പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങാനുള്ള രീതിയിൽ ക്രമീകരണങ്ങൾ ഉറപ്പാക്കുകയും വേണം.
അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാർ പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും, വോട്ടെടുപ്പിന് ശേഷം ഉപയോഗിച്ച മുറികളും പരിസരവും വൃത്തിയാക്കി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് കൈമാറണമെന്നും ഇക്കാര്യങ്ങൾ ജില്ലാ കളക്ടർമാർ ഉറപ്പുവരുത്തണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.മട്ടന്നൂർ നഗരസഭ ഒഴികെയുള്ള പോളിംഗ് സ്റ്റേഷനുകളുടെ ജില്ല തിരിച്ചുള്ള വിവരം ചുവടെ
ജില്ല
റൂറൽ
അർബൻ
ആകെ
തിരുവനന്തപുരം
2444
820
3264
കൊല്ലം
2346
374
2720
പത്തനംതിട്ട
1088
137
1225
ആലപ്പുഴ
1802
283
2085
കോട്ടയം
1671
254
1925
ഇടുക്കി
1119
73
1192
എറണാകുളം
2178
843
3021
തൃശൂർ
2749
533
3282
പാലക്കാട്
2749
305
3054
മലപ്പുറം
3777
566
4343
കോഴിക്കോട്
2411
686
3097
വയനാട്
724
104
828
കണ്ണൂർ
1827
478
2305
കാസർഗോഡ്
1242
128
1370
ആകെ
28127
5584
33711
.jpg)


