ഭാഷ വെറുമൊരു മാധ്യമം മത്രമല്ല, സംസ്കാരം കൂടിയാണ്: പ്രൊഫ. എം. വി. നാരായണൻ

google news
asg


ഭാഷ എന്നാൽ കേവലമൊരു മാധ്യമം മാത്രമല്ല, അത് ഒരു സംസ്കാരം കൂടിയാണെന്ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ പറഞ്ഞു. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഭരണഭാഷ അവലോകനമസിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മാതൃഭാഷാ വാരാചാരണ സമാപന സമ്മേളനത്തിൽ ഡോ. പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്കാരസമർപ്പണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളം ഒരു ജ്ഞാനഭാഷയാണ്. ഭാഷ പഠിക്കുമ്പോൾ മനസ്സിലാകുന്നത് ഒരു സംസ്കാരത്തെ കൂടിയാണ്. മലയാള ഭാഷയിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തിയ ഡോ. പ്രദീപൻ പാമ്പിരികുന്ന് ഭാഷാപ്രവർത്തനങ്ങളെ അടയാളപ്പെടുത്തുന്നതിൽ വിജയിച്ചു. വിയോജിപ്പുകൾക്കിടയിലും സൗഹൃദം പുലർത്തുന്ന സംസ്കാരമായിരുന്നു പ്രദീപന്റേത്. പ്രദീപന്റെ എഴുത്തുകളിൽ ഭാഷാവിചാരവും ഭാഷയുടെ പ്രകാശനവുമുണ്ട്, പ്രൊഫ. എം. വി. നാരായണൻ പറഞ്ഞു. 

മാതൃഭാഷയുടെ സംരക്ഷണത്തിനും വികാസത്തിനും വേണ്ടിയുളള പ്രവർത്തനങ്ങൾക്ക് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഏർപ്പെടുത്തിയ പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം ഡോ. ജോർജ്ജ് ഇരുമ്പയത്തിന് വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ സമർപ്പിച്ചു. പതിനായിരം രൂപയും ഫലകവുമാണ് പുരസ്കാരം. മലയാള ഭാഷയ്ക്ക് നൽകിയ സേവനങ്ങളെ മാനിച്ച് സർവ്വകലാശാലയിലെ മലയാളം പ്രൊഫസർ ഡോ. പി. പവിത്രനെ പ്രൊഫ. എം. വി. നാരായണൻ ആദരിച്ചു. മലയാളം സർവ്വകലാശാലയിലെ സെന്റർ ഫോർ എഴുത്തച്ഛൻ സ്റ്റഡീസ് ഡയറക്ടർ ഡോ. കെ. എം. അനിൽ, ഡോ. പ്രദീപൻ പാമ്പിരികുന്ന് അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. മാതൃഭാഷാവാരാചരണ സമാപനത്തോടനുബന്ധിച്ച് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ജീവനക്കാർക്ക് വേണ്ടി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് രജിസ്ട്രാർ ഡോ. പി. ഉണ്ണികൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്തു.


കാലടി മുഖ്യക്യാമ്പസിലെ ലാംഗ്വേജ് ബ്ലോക്കിലുളള സെമിനാർ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ മലയാള വിഭാഗം മേധാവി ഡോ. എസ്. പ്രിയ അധ്യക്ഷയായിരുന്നു. ഡോ. വത്സലൻ വാതുശ്ശേരി, ഡോ. പി. പവിത്രൻ, ഡോ. സുനിൽ പി. ഇളയിടം, സുഖേഷ് കെ. ദിവാകർ, പ്രേമൻ തറവട്ടത്ത് എന്നിവർ പ്രസംഗിച്ചു. തുടർന്ന് വേണി ഷൈജുവിന്റെ മോഹിനിയാട്ടം, ശ്രുതി ചന്ദ്രബോസും സംഘവും അവതരിപ്പിച്ച സംഗീത വിരുന്ന് എന്നിവ നടന്നു.

Tags