പരാതികള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തും; കെ.വി.സുമേഷ് എം.എല്‍.എ

കാസർഗോഡ് : പരാതികള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുമെന്ന് കേരള നിയമസഭ-യുവജന ക്ഷേമവും യുവജനകാര്യവും സമിതി അധ്യക്ഷന്‍ കെ.വി.സുമേഷ് എം.എല്‍.എ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ തെളിവെടുപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട് ജില്ലയില്‍ പൊതുവേ പരാതികള്‍ കുറവാണെന്നും ലഭിച്ച പരാതികള്‍ സമയബന്ധിതമായി തീര്‍പ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ അനുവദിച്ച ജില്ലയില്‍ ഒരു അഡ്വഞ്ചര്‍ അക്കാദമി, യൂത്ത് ഹോസ്റ്റല്‍, യുവജന ക്ഷേമ ബോര്‍ഡിന്റെ ജില്ലാ ഓഫീസിന് ഓഫീസ് സൗകര്യം, സിന്തറ്റിക്ക് ട്രാക്ക് ഉള്‍പ്പെടെയുള്ള ഗ്രൗണ്ട് എന്നിവയുടെ സ്ഥല ലഭ്യതയും സാങ്കേതിക പ്രശ്നങ്ങളും പരിഗണിച്ച് നടപടികള്‍ വേഗത്തിലാക്കാന്‍ നിയമസഭാ സമിതി ശുപാര്‍ശ ചെയ്തു.
ജില്ലയില്‍ നിന്നും സമിതിക്ക് ലഭിച്ച ഹര്‍ജികളിന്മേല്‍ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തി. യുവജനങ്ങളില്‍ നിന്നും യുവജന സംഘടനകളില്‍ നിന്നും പുതിയ പരാതികള്‍ സ്വീകരിച്ചു. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന തെളിവെടുപ്പ് യോഗത്തില്‍ നാല് പരാതികള്‍ പരിഗണിച്ചു. ഒരു പരാതി തീര്‍പ്പാക്കി. മൂന്ന് പുതിയ പരാതികളും രണ്ട് പ്രതികരണ പരാതികളും ലഭിച്ചു. കേരള നിയമസഭ-യുവജന ക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി അംഗങ്ങളായ എം.വിജിന്‍ എം.എല്‍.എ, മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ, എം.എസ്.അരുണ്‍ കുമാര്‍ എം.എല്‍.എ എന്നിവര്‍ സംസാരിച്ചു. എ.ഡി.എം കെ.നവീന്‍ ബാബു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, നിയമസഭാ സമിതി ജീവനക്കാർ, സംഘടനാ പ്രതിനിധികൾ പരാതിക്കാര്‍ എന്നിവര്‍ പങ്കെടുത്തു.