തദ്ദേശ സ്ഥാപന തലത്തിൽ സ്ഥിരം കൗൺസലിങ് സംവിധാനം ഒരുക്കണം : വനിത കമീഷൻ

kozhikodewomen

കോഴിക്കോട് :തദ്ദേശ സ്ഥാപന തലത്തിൽ സ്ഥിരം കൗൺസലിങ് സംവിധാനം ഒരുക്കണമെന്നും കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജാഗ്രതാ സമിതികൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും വനിത കമീഷൻ ചെയർപേഴ്സൺ അഡ്വ. പി സതീദേവി. സിവിൽ സ്റ്റേഷനിലെ മേഖല ഓഫീസിൽ നടന്ന വനിത കമീഷൻ ജില്ലാതല സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. കുടുംബാംഗങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ഫലപ്രദമായ ഇടപെടൽ അത്യാവശ്യമാണ്. കുടുംബ പ്രശ്നങ്ങളുടെ ദുരിതം കൂടുതൽ അനുഭവിക്കുന്നത് കുട്ടികളാണ്. പല കുടുംബ പ്രശ്നങ്ങളും കൗൺസലിങ്ങിലൂടെ പരിഹരിക്കാനാവുമെന്നും ജാഗ്രതാ സമിതികൾക്ക് വനിതാ കമീഷൻ നൽകിവരുന്ന പരിശീലനങ്ങൾ കൂടുതൽ സജീവമാക്കുമെന്നും ചെയർപേഴ്സൺ കൂട്ടിച്ചേർത്തു.

40 കേസുകളാണ് സിറ്റിങ്ങിൽ പരിഗണിച്ചത്. ഇതിൽ ഒമ്പത് പരാതികൾ തീർപ്പാക്കി. അഞ്ചെണ്ണത്തിൽ പൊലീസ് റിപ്പോർട്ട് തേടുകയും രണ്ടെണ്ണത്തിൽ തുടർകൗൺസലിങ്ങിന് നിർദേശിക്കുകയും ചെയ്തു. 24 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. വനിത കമീഷൻ അംഗം അഡ്വ. കുഞ്ഞായിശ, കൗൺസലർ ഡോ. ആർദ്ര എന്നിവരും പരാതികൾ പരിഗണിച്ചു.

Tags