ജപ്പാൻ ജ്വരത്തിനെതിരായ വാക്‌സിൻ തികച്ചും സുരക്ഷിതം: ആരോഗ്യവകുപ്പ് ഡയറക്ടർ

vaccine

കോഴിക്കോട്: ജപ്പാൻ മസ്തിഷ്ക ജ്വരത്തിനെതിരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്കൂളികളിലും അങ്കണവാടികളിലും ജനുവരി 15 മുതൽ നൽകിവരുന്ന വാക്‌സിൻ തികച്ചും സുരക്ഷിതമാണെന്നും വളരെ അപൂർവ്വമായി ചെറിയ പാർശ്വഫലങ്ങൾ ഉണ്ടാകാമെങ്കിലും അവ താനേ സുഖപ്പെടുന്നവയാണെന്നും സംസ്ഥാനതല ഇമ്മ്യൂണൈസേഷൻ സാങ്കേതിക സമിതി വിലയിരുത്തിയാതായി ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ കെ.ജെ റീന അറിയിച്ചു.  

tRootC1469263">

രാജ്യത്ത് 2006 മുതൽ ജപ്പാൻ മസ്തിഷ്ക ജ്വരത്തിനെതിരെ പ്രതിരോധ കുത്തിവയ്പ് നൽകുന്നുണ്ട്. രാജ്യത്ത് പ്രസ്തുത വൈറസ് സാന്നിധ്യം കൂടുതലായി കണ്ടെത്തിയിട്ടുള്ള 231 ജില്ലകളിൽ 9 മാസം പ്രായം മുതലുള്ള കുഞ്ഞുങ്ങൾക്ക് കേന്ദ്രസർക്കാർ വിതരണം ചെയ്യുന്ന ഈ വാക്‌സിൻ സൗജന്യമായി നൽകിവരുന്നുണ്ട്. പതിയെ ഇത് രാജ്യത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുക എന്നതാണ് ദേശീയതലത്തിൽ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ജപ്പാൻ മസ്തിഷ്ക ജ്വരത്തിനെതിരെ കേരളത്തിൽ ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും 2009 മുതൽ തന്നെ ജപ്പാൻ ജ്വരത്തിനെതിരെ വാക്സിൻ കുട്ടികൾക്ക് നൽകിവരുന്നുണ്ട്. വാക്‌സിനേഷൻ നൽകിവരുന്ന ജില്ലകളിൽ ഇതുവരെ ഒരു കുട്ടിക്കും ഗുരുതരമായ പാർശ്വഫലങ്ങൾ കണ്ടെത്തിയിട്ടില്ല.  

നിലവിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ രണ്ടുകുട്ടികളിൽ കണ്ടെത്തിയ ലഘുവായ പാർശ്വഫലങ്ങൾ വാക്‌സിൻ മൂലമാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല കുട്ടികളുടെ ആരോഗ്യനില സാധാരണമാണെന്നു സാങ്കേതിക സമിതി വിലയിരുത്തി. എങ്കിലും മുൻപ് പനിമൂലമുള്ള അപസ്മാരം ബാധിച്ചിട്ടുള്ള കുട്ടികളെ തത്കാലം സ്കൂളുകളിൽ വാക്‌സിനേഷൻ നല്കുന്നതിൽനിന്നു ഒഴിവാക്കാനും അവർക്കു ആശുപത്രീയിൽ വച്ച് മാത്രം വാക്‌സിൻ നൽകാനും സമിതി ശുപാർശ ചെയ്തു. കൂടാതെ വാക്‌സിൻ എടുക്കുന്ന എല്ലാ കുട്ടികൾക്കും വയസിനനുസരിച്ച് ഒരു ഡോസ് പാരസെറ്റമോൾ ഗുളിക കൂടി നൽകാനും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.

ക്യൂലക്സ് വിഭാഗത്തിൽപ്പെട്ട കൊതുകുകൾ പരത്തുന്ന ഒരു വൈറൽ രോഗമാണ് ജപ്പാൻ മസ്തിഷ്ക ജ്വരം. പന്നി, കന്നുകാലികൾ, എരുമ, പോത്ത് ചിലയിനം പക്ഷികൾ എന്നിവയിലാണ് ഈ വൈറസുകൾ സാധാരണയായി കാണപ്പെടുന്നത്. എന്നാൽ ഈ പക്ഷി-മൃഗാദികളിൽ ഇത് രോഗകാരണമാകുന്നില്ല. രോഗാണുവാഹകരായ ജന്തുക്കളെ കടിച്ച കൊതുകുകൾ മനുഷ്യനെ കടിക്കുമ്പോൾ ഈ വൈറസുകൾ മനുഷ്യരിലേക്ക് പകരുകയും മനുഷ്യന് രോഗബാധയുണ്ടാകുകയും ചെയ്യും.
പനി, ശരീരവേദന, തലവേദന തുടങ്ങി തലച്ചോറിനെ ബാധിക്കുന്ന ഗുരുതരമായ എൻസെഫലൈറ്റിസ് (Encephalitis) വരെയാകും ജപ്പാൻ ജ്വരത്തിന്റെ രോഗലക്ഷണങ്ങൾ. രോഗം ബാധിച്ചാൽ 15-30% വരെ ആളുകൾക്ക് മരണംവരെ സംഭവിക്കുവാൻ സാധ്യതയുണ്ട്. രോഗം ബാധിച്ച കുട്ടികൾക്ക് രോഗം ഭേദമായാലും ഭാവിയിൽ അപസ്മാരം, ബുദ്ധിക്കുറവ്, നാഡീസംബന്ധമായ രോഗങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. 15 വയസ്സിൽ താഴെയുള്ള കുട്ടികളിലും 60 വയസ്സിനുമുകളിൽ പ്രായമുള്ളവരിലുമാണ് ഗുരുതരമായ രോഗലക്ഷണങ്ങൾ കാണപ്പെടുന്നത്. 

മേൽപ്പറഞ്ഞ ജന്തുക്കളിൽ വൈറസ് പെരുകി വളരുന്നതിനാലും അവയിൽ രോഗലക്ഷങ്ങൾ ഉണ്ടാകാത്തതിനാലും രോഗാണുനിർമ്മാർജ്ജനം നിലവിൽ സാധ്യമല്ല. എന്നാൽ കൊതുകു നിയന്ത്രണവും പ്രതിരോധ കുത്തിവയ്പ്പും വഴി മനുഷ്യരിലെ രോഗബാധ ഒരു പരിധിവരെ നിയന്ത്രിക്കുവാൻ കഴിയും. ഈ സാഹചര്യത്തിൽ ജപ്പാൻ ജ്വരത്തിനെതിരായ വാക്‌സിൻ ഒരു അനുഗ്രഹമാണ്. ഇത്തരം മേഖലകളിൽ ഇനിയും ദീർഘകാലം ജീവിക്കേണ്ട കുട്ടികൾക്ക് വാക്‌സിനേഷൻ നൽകി സംരക്ഷിക്കുന്നത് എല്ലാവരുടെയും കടമയാണ്. 

ജപ്പാൻ മസ്തിഷ്ക ജ്വരത്തിനെതിരായ വാക്സിൻ കുട്ടികൾക്ക് ഗുരുതരമായ ഈ രോഗത്തിനെതിരെ ശക്തമായ പ്രതിരോധശേഷി നൽകുന്നുവെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. സ്വയമേവ മാറുന്ന ലഘുവായ പാർശ്വഫലങ്ങളെ ഭയന്ന് ഈ പ്രതിരോധ കുത്തിവയ്പ് എടുക്കാതിരിക്കുന്നത് വളരെ ഗുരുതരമായ രോഗത്തിനും അതിൻറെ ഭവിഷത്തുകൾക്കും സാധ്യത കൂട്ടുന്നു. നിപ്പ പോലുള്ള മസ്തിഷ്കജ്വരങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിലവിൽ വാക്‌സിൻ ലഭ്യമായ മസ്തിഷ്കജ്വരത്തിൽനിന്നു കുട്ടികളെ സംരക്ഷിക്കാൻ കഴിയുന്ന ജപ്പാൻ ജ്വരത്തിനെതിരെയുള്ള ഈ വാക്‌സിൻ എല്ലാ കുട്ടികൾക്കും നല്കേണ്ടത് രക്ഷാകർത്താക്കളുടെ ഉത്തരവാദിത്തമാണ്.  
ജപ്പാൻ ജ്വരത്തിനു പുറമെ പോളിയോ, ഹെപ്പറ്റൈറ്റിസ് ബി, ബാലക്ഷയരോഗം, വില്ലൻചുമ, കുതിരസന്നി, തൊണ്ടമുള്ള്, ബാക്റ്റീരിയമൂലമുള്ള മെനിഞ്ചൈറ്റിസ്, അഞ്ചാംപനി, റൂബെല്ല, ബാക്റ്റീരിയമൂലമുള്ള വയറിളക്കം, ന്യൂമോണിയ തുടങ്ങിയ രോഗങ്ങൾക്കെതിരെയാണ് നിൽവിൽ കുട്ടികൾക്ക് വാക്‌സിനുകൾ നൽകുന്നത്. കൂടാതെ വൈറസ് മൂലമുള്ള ക്യാന്സറുകൾക്കെതിരെ രാജ്യത്തുടനീളം ഉടൻ വാക്‌സിനേഷൻ ആരംഭിക്കും. വാക്‌സിനേഷനിലൂടെ പോളിയോ രോഗം തുടച്ചുനീക്കാനും കോടിക്കണക്കിനു കുട്ടികളെ അംഗവൈകല്യത്തിൽനിന്നു സംരക്ഷിക്കാനും കഴിഞ്ഞിട്ടുണ്ട്. വാക്‌സിനേഷനിലൂടെ തടയാവുന്ന മറ്റെല്ലാ രോഗങ്ങളും വാക്‌സിനേഷൻ ആരംഭിച്ചതിനുശേഷം നിർമ്മാർജ്ജനത്തിന്റെ ഘട്ടത്തിലേക്ക് എത്തിക്കാനും അതിലൂടെ ശിശു മരണ നിരക്ക് പരമാവധി കുറക്കാനും നമുക്ക് സാധിച്ചിട്ടുണ്ട്. 

വളരെ സുരക്ഷിതമായ ഈ വാക്സിൻ ലോകാരോഗ്യസംഘടന (WHO) അടക്കം ശുപാർശ ചെയ്തിട്ടുള്ളതാണ്. വളരെ ലഘുവായതും ഒന്നോ രണ്ടോ ദിവസംകൊണ്ട് പൂർണ്ണമായും ഭേദമാകുന്ന പനി, കുത്തിവയ്പ് ഭാഗത്തുണ്ടാകുന്ന വേദന, ചുവപ്പ്, തടിപ്പ് എന്നിവയാണ് സാധാരണ കണ്ടുവരുന്ന ലഘുവായ പാർശ്വഫലങ്ങൾ. ഗുരുതരമായ പാർശ്വഫലങ്ങളായ ജന്നി (Fits) വളരെ അപൂർവ്വമായി മാത്രം (ദശലക്ഷത്തിൽ 1 മുതൽ 2 വരെ) കാണപ്പെടുന്നുണ്ട്. 

ഈ സാഹചര്യത്തിൽ ജപ്പാൻ ജ്വരത്തിനെതിരെ സർക്കാർ സൗജന്യമായി നൽകുന്ന വാക്‌സിൻ കുട്ടികൾക്ക് നൽകാൻ രക്ഷാകർത്താക്കൾ മടികാണിക്കരുതെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ അഭ്യർത്ഥിച്ചു. ഇപ്പോൾ 9 മാസം മുതലുള്ള കുഞ്ഞുങ്ങൾക്ക് വാക്‌സിൻ നൽകിവരുന്ന ആലപ്പുഴ തിരുവനതപുരം ജില്ലകളോടൊപ്പം മലപ്പുറം, കോഴിക്കോട് ജില്ലകളിലും മൂന്ന് മാസത്തിനകം സ്കൂൾ- അങ്കണവാടിതല വാക്‌സിനേഷൻ പൂർത്തിയാക്കിയ ശേഷം പൂർണതോതിൽ നൽകാനാണ് ഉദ്ദേശമെന്ന് ഡയറക്ടർ അറിയിച്ചു.
 

Tags