2028ൽ ലോകത്തെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറും : കേന്ദ്രമന്ത്രി വി സോമണ്ണ

VSomanna
VSomanna

കോഴിക്കോട് :നിലവിൽ ലോകത്തെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ഇന്ത്യ 2028ഓടെ മൂന്നാമതെത്തുമെന്ന് റെയിൽവേ-ജലശക്തി വകുപ്പ് സഹമന്ത്രി വി സോമണ്ണ. വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിൽ നിയമനം ലഭിച്ചവർക്കുള്ള നിയമനപത്രങ്ങൾ വിതരണം ചെയ്യുന്നതിനായി കുന്ദമംഗലം പെരിങ്ങളം സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച റോസ്ഗർ മേളയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

tRootC1469263">

 കഴിഞ്ഞ 11 വർഷത്തിനിടെ രാജ്യത്തിന്റെ സമഗ്ര വികസനത്തിനായി കേന്ദ്ര സർക്കാർ നടപ്പാക്കിയ പദ്ധതികൾ തൊഴിൽ സാധ്യത വർധിപ്പിച്ചു. 2017-18 കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾ 2023-24ൽ തൊഴിൽനിരക്ക് 36 ശതമാനം ഉയർന്നു. സ്‌കിൽ ഇന്ത്യ, കൗശൽ വികാസ് യോജന, പിഎം മുദ്ര, പിഎം വിശ്വകർമ, പ്രധാനമന്ത്രി വികസിത് ഭാരത് തുടങ്ങിയ പദ്ധതികളിലൂടെ യുവാക്കളുടെ പുരോഗതിക്കും തൊഴിൽ സൃഷ്ടിക്കും പ്രോത്സാഹനം നൽകാനായി. സർക്കാർ തൊഴിൽ മാത്രമല്ല, തൊഴിൽ-ബിസിനസ് ഇക്കോസിസ്റ്റം സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും അതുവഴി രാജ്യത്താകെ ഉയർച്ചയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് ഓൺലൈനായി പരിപാടിയിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സന്ദേശവും ഉണ്ടായി. പോസ്റ്റൽ, റെയിൽവേ, ആഭ്യന്തര മന്ത്രാലയം, എയർപോർട്ട് അതോറിറ്റി എന്നിവയിലായി 47 നിയമന ഉത്തരവുകളാണ് മേളയിൽ വിതരണം ചെയ്തത്. 17-ാമത് റോസ്ഗർ മേളയുടെ ഭാഗമായി രാജ്യത്താകമാനം 40 കേന്ദ്രങ്ങളിൽ 51,000 ഉദ്യോഗാർഥികൾക്കാണ് കേന്ദ്ര സർക്കാറിന്റെ വിവിധ വകുപ്പുകളിൽ നിയമന ഉത്തരവ് ലഭിച്ചത്.
 
പരിപാടിയിൽ പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റൗട്ട്, കേരള നോർത്തേൺ സർക്കിൾ പോസ്റ്റൽ സർവീസ് ഡയറക്ടർ വി ബി ഗണേഷ് കുമാർ, ഉദ്യോഗസ്ഥർ, നിയമന ഉത്തരവ് ലഭിച്ച ഉദ്യോഗാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Tags