തൊഴിൽ അന്വേഷിക്കുന്നതിന് പകരം തൊഴിൽ സൃഷ്ടിക്കുന്നവരായി യുവജനങ്ങൾ മാറണം : കേന്ദ്രമന്ത്രി ജോർജ് കുര്യൻ
കോഴിക്കോട് : തൊഴിൽ അന്വേഷിക്കുന്നതിന് പകരം തൊഴിൽ സൃഷ്ടിക്കുന്നവരായി മാറാൻ യുവജനങ്ങൾക്ക് കഴിയണമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ. ന്യൂനപക്ഷ വിഭാഗങ്ങളുടെ ശേഷി വികസനം, നൈപുണ്യ വികസനം, വിദ്യാഭ്യാസ ശാക്തീകരണം എന്നിവ ലക്ഷ്യമിട്ടുള്ള പി.എം വികാസ് പദ്ധതിയിൽ കാലിക്കറ്റ് എൻ.ഐ.ടിയിൽ നടന്ന ധാരണാപത്രം ഒപ്പുവെക്കൽ ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. ലഭ്യമായ സർക്കാർ ധനസഹായങ്ങൾ പ്രയോജനപ്പെടുത്തി സ്വന്തം വീടുകളിൽനിന്ന് തന്നെ സ്റ്റാർട്ടപ്പുകൾ ആരംഭിക്കാനും ആശയങ്ങൾ പരീക്ഷിക്കാനും ആ സംരംഭങ്ങൾ വിപുലീകരിക്കാനും സാധിക്കണം. പി.എം വികാസ് പരിപാടി ആരംഭിച്ച ശേഷം നിരവധി സ്ത്രീകൾ വിജയകരമായി സംരംഭകരായി മാറിയെന്നും മറ്റു നിരവധി പേർ സാങ്കേതിക യോഗ്യത നേടിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ന്യൂനപക്ഷകാര്യ മന്ത്രാലയം, കാലിക്കറ്റ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കേരള കേന്ദ്ര സർവകലാശാല എന്നിവ തമ്മിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, കാലിക്കറ്റ് എൻ.ഐ.ടി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ, കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സിദ്ധു പി അൽഗൂർ എന്നിവരുടെ സാന്നിധ്യത്തിൽ കേരള കേന്ദ്ര സർവകലാശാല രജിസ്ട്രാർ പ്രൊഫ. വി ബി സമീർ കുമാർ, കാലിക്കറ്റ് എൻ.ഐ.ടി രജിസ്ട്രാർ ഡോ. സുനിൽ ജേക്കബ് ജോൺ, ന്യൂനപക്ഷകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഷാ ഫൈസ് അഹമ്മദ് എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവെക്കുകയും കൈമാറുകയും ചെയ്തു.
.jpg)

