കോഴിക്കോട് ഏഴുവയസ്സുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

Another death due to Shigella; 7-year-old boy dies while undergoing treatment

കോഴിക്കോട് : ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത് ആശങ്ക പരത്തുന്നു. നാദാപുരം കുമ്മങ്കോട് സ്വദേശിനിയായ ഏഴുവയസ്സുകാരിക്കാണ് ഇത്തവണ രോഗം ബാധിച്ചത്. ജൂൺ മാസത്തിൽ മാത്രം ജില്ലയിൽ നാൽപതിലേറെ കേസുകളാണ് സ്ഥിരീകരിച്ചത്. ഷിഗെല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന ‘ഷിഗല്ലോസിസ്’ എന്ന ഈ അണുബാധ മനുഷ്യന്റെ കുടലിനെയാണ് പ്രധാനമായും ബാധിക്കുന്നത്. കഠിനമായ വയറിളക്കമാണ് ഇതിന്റെ പ്രധാന രോഗലക്ഷണം. മലിനജലത്തിലൂടെയും വൃത്തിഹീനമായ അന്തരീക്ഷത്തിൽ തയ്യാറാക്കുന്നതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ് ഈ രോഗം പ്രധാനമായും പകരുന്നത്. രോഗബാധിതരുമായി സമ്പർക്കത്തിൽ വന്ന് ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിലോ ചിലപ്പോൾ ഒരാഴ്ചയ്ക്ക് ശേഷമോ ലക്ഷണങ്ങൾ പ്രകടമാകാം. രോഗപ്രതിരോധശേഷി കുറഞ്ഞവരെയും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയുമാണ് ഇത് വേഗത്തിൽ ബാധിക്കുന്നത്.

കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന അതീവ ഗുരുതരമായ അവസ്ഥയിലേക്ക് ഈ രോഗം മാറിയേക്കാം. രോഗബാധയുള്ളവർ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയും ഇത് മറ്റുള്ളവരിലേക്ക് പകരാൻ സാധ്യതയുണ്ട്. വ്യക്തിശുചിത്വവും പരിസരശുചിത്വവും കൃത്യമായി പാലിക്കുക എന്നത് മാത്രമാണ് ഈ രോഗത്തെ പ്രതിരോധിക്കാനുള്ള ഒരേയൊരു മാർഗ്ഗം.

Tags