നിപ - നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിരുന്ന എല്ലാവരും ആശുപത്രി വിട്ടു

nipah virus

നിപരോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 3 പേരെയും ഡിസ്ചാർജ് ചെയ്തു.  ഇതോടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട എല്ലാവരും ആശുപത്രി വിട്ടു. സ്വകാര്യ ആശുപത്രിയിൽയിൽ  നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ഒരു ആരോഗ്യ പ്രവർത്തകയുടെ സാമ്പിൾ ഇന്ന് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. രോഗിയുടെ സമ്പർക്ക പട്ടികയിൽ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയമാക്കിയ 14 പേരുടെയും ഫലങ്ങൾ നെഗറ്റീവ് ആണ്.

നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ ചികിത്സ തുടരുന്നു. രോഗബാധിതന്റെ സമ്പർക്ക പട്ടികയിൽ ഇന്ന് പുതിയതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 104 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇത് 4 പേർ വളരെ ഉയർന്ന റിസ്‌ക് ഭാഗത്തിൽപ്പെട്ടവരും,  14 പേർ ഉയർന്ന ഭാഗത്തിൽ പെട്ടവരും 86 പേർ കുറഞ്ഞ റിസ്‌ക് ഭാഗത്തിൽപ്പെട്ടവരും ആണ്. രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ 5 ലെ 56 വീടുകളിൽ കൂടി ആരോഗ്യ പ്രവർത്തകർ ഇന്ന് സന്ദർശനം നടത്തി.

സംശയ നിവാരണത്തിനായി ഇതുവരെ ജില്ലാ കൺട്രോൾ റൂമിൽ പൊതുജനങ്ങളിൽ നിന്നുള്ള 88 ഫോൺവിളികൾ എത്തിയിട്ടുണ്ട്.  സമ്പർപട്ടികയിൽ ഉൾപ്പെട്ട എല്ലാവരെയും ഇന്നും ജില്ലാ കൺട്രോൾ റൂമിൽ നിന്ന് ആരോഗ്യപ്രവർത്തകർ ബന്ധപ്പെട്ടിരുന്നു. ജില്ലാ മാനസിക ആരോഗ്യപരിപാടിയുടെ ഭാഗമായി  ഇതുവരെ 118 പേരെ വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തു.
 

Tags