കാലിക്കറ്റ് സർവ്വകലാശാലയിലെ നെറ്റ്‌വർക്ക് തകരാർ പരിഹരിച്ചില്ല; തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റിവെച്ചു

Network glitch at Calicut University not fixed; Monday's exams postponed

കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാലയിലുണ്ടായ നെറ്റ്‌വർക്ക് തകരാർ ഇതുവരെ പരിഹരിക്കാൻ സാധിക്കാത്തതിനെ തുടർന്ന് തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്ന് സർവ്വകലാശാല അധികൃതർ വ്യക്തമാക്കി. അതേസമയം, മുൻപ് നിശ്ചയിച്ച ഇന്റേണൽ, പ്രാക്ടിക്കൽ, വൈവ പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ ശക്തമായ ഇടിമിന്നലിനെ തുടർന്നാണ് സർവ്വകലാശാലയിലെ നെറ്റ്‌വർക്ക് സംവിധാനങ്ങൾ തകരാറിലായത്. നെറ്റ്‌വർക്ക് സേവനങ്ങൾ നിലച്ചതിനെ തുടർന്ന് വെള്ളിയാഴ്ചയും ശനിയാഴ്ചയും നടക്കാനിരുന്ന പരീക്ഷകളും നേരത്തെ മാറ്റിവെച്ചിരുന്നു.

നെറ്റ്‌വർക്ക് തകരാർ മൂലം കഴിഞ്ഞ മൂന്ന് ദിവസമായി സർവ്വകലാശാലയുടെ എല്ലാവിധ ഓൺലൈൻ സേവനങ്ങളും പൂർണ്ണമായി മുടങ്ങിയിരിക്കുകയാണെന്നും തകരാർ എത്രയും വേഗം പരിഹരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ടെന്നും സർവ്വകലാശാല അധികൃതർ വ്യക്തമാക്കി. ഓൺലൈൻ സേവനങ്ങൾ മുടങ്ങിയത് വിദ്യാർത്ഥികളെയും ഉദ്യോഗസ്ഥരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. സിസ്റ്റം പൂർവ്വസ്ഥിതിയിലാക്കാനുള്ള നടപടികൾ വേഗത്തിലാക്കുകയാണെന്ന് സർവ്വകലാശാല വൃത്തങ്ങൾ അറിയിച്ചു.
 

Tags