പേരാമ്പ്ര സ്മാർട്ട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് ഫാത്തിമ തഹിലിയ എംഎൽഎ ഉദ്ഘാടനം ചെയ്തു

thahlia

കോഴിക്കോട് : പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പേരാമ്പ്രയിൽ സജ്ജമാക്കിയ സ്മാർട്ട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് ഫാത്തിമ തഹിലിയ എംഎൽഎ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി അധ്യക്ഷയായി. വടകര സബ് കളക്ടർ പി പി അർച്ചന മുഖ്യാതിഥിയായി.

പട്ടികവർഗ വിഭാഗക്കാർക്ക് സർക്കാർ ഓൺലൈൻ സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാരിന്റെ നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തിയാക്കിയത്. പട്ടികവർഗ വികസന വകുപ്പ് അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് ഓഫീസ് നിർമിച്ചത്. പട്ടികവർഗ വകുപ്പായി ബന്ധപ്പെട്ട ഓൺലൈൻ സേവനങ്ങൾക്കു പുറമെ പിഎസ്‌സി, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, കെ സ്മാർട്ട് തുടങ്ങി സർക്കാർ വകുപ്പുകളുടെ ഓൺലൈൻ സേവനങ്ങൾ സൗജന്യമായാണ് നൽകുന്നത്. സെന്ററിൽ നേരിട്ടെത്താൻ പ്രയാസമുള്ള പട്ടികവർഗ വിഭാഗക്കാർക്ക് പ്രമോട്ടർമാർ മുഖേന സേവനങ്ങൾ ലഭ്യമാക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ബാലുശ്ശേരി, പേരാമ്പ്ര, തൂണേരി, കുന്നുമ്മൽ ബ്ലോക്കുകളിലെ പട്ടികവർഗ വിഭാഗക്കാർക്കാണ് സേവനം നൽകുന്നത്.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ കെ സി ഗാന, ലിസ്സി ഷിജു, അനിത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജൻ മരുതേരി, വാർഡ് മെമ്പർ സജിന, ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസർ എം ശശി, ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസർ സുജിന്ദ്രൻ, ടി.ഇ.ഒ കെ ദീപക് തുടങ്ങിയവർ സംസാരിച്ചു.

Tags