മന്തുരോഗ നിർണയ പ്രവർത്തനങ്ങൾ ഊർജിതം; കോഴിക്കോട് മിസ്റ്റ് ക്യാമ്പും സ്‌ക്രീനിംഗും സംഘടിപ്പിച്ചു

manthu

കോഴിക്കോട് :  കൊതുകുജന്യ രോഗങ്ങൾക്കെതിരെയുള്ള ജാഗ്രത ശക്തമാക്കി ജില്ലയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മലേറിയ, മന്ത് തുടങ്ങിയ രോഗങ്ങൾ തടയുന്നതിനുള്ള പ്രതിരോധ നിർമാർജന പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഇതിന്റെ ഭാഗമായി ചെലവൂർ നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ, ജില്ലാ മിസ്റ്റ് ടീമിന്റെ സഹകരണത്തോടെ ജെ.ഡി.ടി. പോളിടെക്നിക് ക്യാമ്പസിൽ പ്രത്യേക മിസ്റ്റ് ക്യാമ്പും രോഗനിർണയ സ്‌ക്രീനിംഗും സംഘടിപ്പിച്ചു. ക്യാമ്പിൽ 159 അതിഥിത്തൊഴിലാളികളെ മലമ്പനി, മന്ത് പരിശോധനകൾക്ക് വിധേയരാക്കി.

ചെലവൂരിൽ നടന്ന ക്യാമ്പിൽ യു.പി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. നിർമ്മൽ ചന്ദ്, മിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. ലയ മെറിൻ ജോൺസൺ, മിസ്റ്റ് ടീം ജെ.എച്ച്.ഐമാർ, ഡിവിഷൻ കൗൺസിലർ ബിജുലാൽ, കോർപ്പറേഷൻ ആരോഗ്യവിഭാഗം ജീവനക്കാർ, ജെ.ഡി.ടി. പോളിടെക്നിക് അധികൃതർ, ആശാ പ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

ജില്ലയിൽ മന്തുരോഗ നിർണയവുമായി ബന്ധപ്പെട്ട സർവേ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുകയാണെന്ന് ജില്ല ആരോഗ്യ വിഭാഗം അറിയിച്ചു. രോഗബാധിതരെ തുടക്കത്തിലേ കണ്ടെത്തി ആവശ്യമായ ചികിത്സയും തുടർപരിചരണവും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി വടകര ജില്ലാ ആശുപത്രിയിലും കോഴിക്കോട് ജനറൽ ആശുപത്രിയിലും രാത്രികാല മന്തുരോഗ നിർണയ സ്റ്റാറ്റിക് ക്ലിനിക്കുകൾ രാത്രി 8 മണി മുതൽ 10 മണി വരെ പ്രവർത്തിച്ചു വരുന്നുണ്ടെന്നും പൊതുജനങ്ങൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജില്ലാ ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു.

Tags