ലഹരിക്കെതിരെ മുഴുവൻ ജനങ്ങളെയും അണിനിരത്തും : മന്ത്രി രമേശ് ചെന്നിത്തല

Operation Toofan; 10 crore narcotics seized, 2778 people arrested, says Home Minister Ramesh Chennithala

കോഴിക്കോട് : അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി കേരളത്തിൽ പിടിമുറുക്കുകയും കുട്ടികളെ ലഹരിക്കടിമകളാക്കാനുള്ള ആസൂത്രിത നീക്കം നടത്തുകയും ചെയ്യുന്നുണ്ടെന്നും അതിനെതിരെ കേരളത്തിലെ മുഴുവൻ ജനങ്ങളെയും അണിനിരത്തുകയെന്ന ദൗത്യമാണ് ഓപറേഷൻ തൂഫാനിലൂടെ പ്രാവർത്തികമാക്കുന്നതെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരിക്കെതിരായ 'ഓപറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' പദ്ധതിയുടെ ജില്ലയിലെ ഔദ്യോഗിക ഉദ്ഘാടനം കുന്ദമംഗലത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി. ലഹരി മാഫിയക്കെതിരായ പോരാട്ടം വിജയിക്കണമെങ്കിൽ കുട്ടികളും രക്ഷിതാക്കളും പൊതുജനങ്ങളും മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു.

മദ്യത്തിനും മയക്കുമരുന്നിനുമെതിരായ വലിയ പോരാട്ടമാണ് ഓപറേഷൻ തൂഫാനിലൂടെ ആരംഭിച്ചിട്ടുള്ളത്. മയക്കുമരുന്നിന്റെ വ്യാപനം കാരണം മാതാപിതാക്കൾ കുട്ടികളെ സ്‌കൂളിലയക്കുന്നത് പോലും ഭയത്തോടെയാണ്. പുതിയ കേരളം കെട്ടിപ്പടുക്കണമെങ്കിൽ ലഹരി ഉപയോഗിക്കാത്ത പുതിയ തലമുറയെ വളർത്തിയെടുക്കണം. സജീവമായ മയക്കുമരുന്ന് ലോബിയെ തകർക്കാൻ കേരളത്തിലെ ചെറുപ്പക്കാരുടെ സേനക്ക് മാത്രമേ സാധിക്കൂ. അവരുടെ വേരറുക്കാൻ ഓപറേഷൻ തൂഫാന്റെ ഭാഗമാകണമെന്നും മന്ത്രി അഭ്യർഥിച്ചു. ലഹരിക്കെതിരായ ദീപശിഖ മന്ത്രി എം എ റസാഖ് മാസ്റ്റർ എം.എൽ.എക്ക് കൈമാറി. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് വിജയികൾക്കുള്ള ഉപഹാര സമർപ്പണം, ലഹരിക്കെതിരായ വൺ മില്യൺ ഗോൾ ക്യാമ്പയിനിന്റെയും എജ്യൂ കാർണിവലിന്റെയും ഉദ്ഘാടനം എന്നിവയും മന്ത്രി നിർവഹിച്ചു.

ചടങ്ങിൽ എം എ റസാഖ് മാസ്റ്റർ എം.എൽ.എ അധ്യക്ഷനായി. എം കെ രാഘവൻ എം.പി മുഖ്യാതിഥിയായി. അഡ്വ. കെ പ്രവീൺകുമാർ എം.എൽ.എ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഫസീല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി വി സംജിത്ത്, വൈസ് പ്രസിഡന്റ് വിനോദ് പടനിലം, ജില്ലാ പഞ്ചായത്ത് അംഗം സീന അശോകൻ, വാർഡ് മെമ്പർ വി അനിൽകുമാർ, നോർത്ത് സോൺ ഐ.ജി പുട്ട വിമലാദിത്യ, കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ എ പി ഷൗക്കത്തലി, മുൻ എം.എൽ.എ യു സി രാമൻ, എ.ഇ.ഒമാരായ കെ രാജീവ്, ഷംജിത്ത് എന്നിവർ സംസാരിച്ചു.

Tags