കുട്ടികൾക്കും വയോജനങ്ങൾക്കും പ്രാധാന്യം നൽകി പൊതു ഇടങ്ങൾ ഒരുക്കും :മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട് :കുട്ടികൾക്കും വയോജനങ്ങൾക്കും പ്രാധാന്യം നൽകി പൊതു ഇടങ്ങൾ നിർമിക്കുകയും നവീകരിക്കുകയും ചെയ്യുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നവീകരണം പൂർത്തിയാക്കിയ കൊളത്തറ റഹിമാൻ ബസാറിലെ മുല്ലവീട്ടിൽ അബ്ദുറഹിമാൻ പാർക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് മികച്ച രീതിയിൽ പൊതു ഇടങ്ങൾ ഒരുക്കുക എന്നത് സർക്കാർ ലക്ഷ്യമാണ്. ഇതോടെ കേരളത്തിലെ ടൂറിസം കാഴ്ചപ്പാടുകൾ മാറും. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും വികസന പ്രവർത്തനങ്ങൾ നടപ്പാക്കി ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുകയാണ് സർക്കാർ. അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറിയതിൽ അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു.
tRootC1469263">ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ ഒരു വേദി മുല്ലവീട്ടിൽ അബ്ദുറഹിമാൻ പാർക്ക് ആയിരിക്കും. ചെറുവണ്ണൂർ മേൽപ്പാലത്തിന്റെ പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും. ചെറുവണ്ണൂർ കമ്യൂണിറ്റി ഹാൾ നവീകരിക്കാൻ ടൂറിസം വകുപ്പ് രണ്ടര കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.
ചടങ്ങിൽ കോർപറേഷൻ പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ പി സി രാജൻ അധ്യക്ഷനായി. സാഹിത്യകാരൻ പി കെ പാറക്കടവ് മുഖ്യാതിഥിയായി. വിനോദസഞ്ചാര വകുപ്പ് മേഖലാ ജോയിന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ, ഡിടിപിസി സെക്രട്ടറി ടി നിഖിൽ ദാസ്, വാർഡ് കൗൺസിലർമാരായ പ്രേമലത തെക്കുവീട്ടിൽ, പി ഷീബ, എം പി ഷഹർബാൻ, ടി മൈമൂനത്ത്, റഫീന അൻവർ, അജീബബീവി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
1.45 കോടി രൂപ ചെലവിട്ടാണ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ മുല്ലവീട്ടിൽ അബ്ദുറഹിമാൻ പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ഓപൺ എയർ ആൻഡ് റൂഫിങ് സ്റ്റേജ്, പ്രവേശന കവാടം, ഇരിപ്പിടങ്ങൾ, കഫറ്റീരിയ, ഇന്റർലോക്കിങ്, ലാൻഡ്സ്‌കേപ്പിങ്, ലൈബ്രറി ബിൽഡിങ് നവീകരണം എന്നിവ ഉൾപ്പെടുത്തിയാണ് സൗന്ദര്യവത്കരിച്ചത്. ചെറുവണ്ണൂർ-നല്ലളം പഞ്ചായത്ത് പ്രഥമ പ്രസിഡന്റായിരുന്ന മുല്ലവീട്ടിൽ അബ്ദുറഹ്‌മാന്റെ പേരിലുള്ളതാണ് പാർക്ക്. പാർക്കിന്റെ തുടർപരിപാലന ചുമതല കോർപ്പറേഷൻ നിർവഹിക്കും.
.jpg)

