ഞെളിയൻപറമ്പ് പ്ലാന്റ് ദക്ഷിണേന്ത്യയിലെ മികച്ച മാലിന്യ സംസ്‌കരണ മാതൃകയാക്കും: മന്ത്രി കെഎം ഷാജി
കോഴിക്കോട് : കോഴിക്കോട് നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും മാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായി ഞെളിയൻപറമ്പിൽ നടപ്പിലാക്കുന്ന മാലിന്യ സംസ്‌കരണ പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന രീതിയിൽ പൂർത്തിയാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി പറഞ്ഞു. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) സഹകരണത്തോടെ സ്ഥാപിക്കുന്ന കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന്റെ (സിബിജി) ശിലാസ്ഥാപനം കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവലം ഒരു സംസ്‌കരണ പ്ലാന്റായി മാത്രമല്ലാതെ മനോഹരമായ ഒരു മാതൃകാ പാർക്ക് കൂടിയായി ഞെളിയൻപറമ്പിനെ മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ വിവിധ മാലിന്യനിക്ഷേപ കേന്ദ്രങ്ങളിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്ത് സ്ഥലം വീണ്ടെടുക്കാനുള്ള വലിയ പരിശ്രമത്തിലാണ് സർക്കാർ. എറണാകുളം, മഞ്ചേരി ഉൾപ്പെടെ തദ്ദേശ വകുപ്പിന് കീഴിൽ കണ്ടെത്തിയ അമ്പതോളം കേന്ദ്രങ്ങളിൽ സ്ഥലം തിരിച്ചുപിടിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി 17.53 ഏക്കർ വിസ്തൃതിയുള്ള ഞെളിയൻപറമ്പിലെ രണ്ടു ലക്ഷത്തോളം ടൺ മാലിന്യം മാറ്റുന്ന പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. 2027 മാർച്ചോടെ ഈ പ്രദേശം പൂർണ്ണമായും മാലിന്യരഹിതമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സി.ബി.ജി പ്ലാന്റിനായി ബി.പി.സി.എല്ലിന് രണ്ടേമുക്കാൽ ഏക്കർ സ്ഥലമാണ് അനുവദിച്ചിട്ടുള്ളത്. കൊച്ചി കോർപ്പറേഷനിൽ വിജയകരമായി പ്രവർത്തിക്കുന്ന 125 ടൺ പ്ലാന്റിന്റെ മാതൃകയിൽ ഞെളിയൻപറമ്പ് പദ്ധതിയും സമയബന്ധിതമായി പൂർത്തിയാക്കും.
ഗാന്ധി ജയന്തി ദിനത്തിൽ തുടക്കം കുറിച്ച 'നിർമ്മലം' പദ്ധതിയിലൂടെ അഞ്ചു വർഷം കൊണ്ട് കേരളത്തിലെ മുഴുവൻ ഗ്രാമങ്ങളും നഗരങ്ങളും മാലിന്യമുക്തമാക്കുകയാണ് സർക്കാർ ലക്ഷ്യം. രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന്, മനുഷ്യത്വത്തിനും ജനങ്ങളുടെ ആരോഗ്യത്തിനും മുൻഗണന നൽകി എല്ലാവരും ഈ ദൗത്യത്തിൽ പങ്കാളികളാകണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു. മാലിന്യം വലിച്ചെറിയുന്നതോടെ നമ്മളും അതിവുമായുള്ള ബന്ധം അവസാനിക്കുന്നില്ല. അത് നമ്മുടെ കുടിവെള്ളത്തെയും വായുവിനെയും വരുംതലമുറയുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
ചടങ്ങിൽ കോർപറേഷൻ മേയർ ഒ. സദാശിവന്റെ അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ ഡോ. എസ് ജയശ്രീ, കോർപറേഷൻ സ്ഥിരം സമിതി ചെയർപേഴ്സൺമാരായ കെ രാജീവ്, വി പി മനോജ്, കവിത അരുൺ, സി സന്ദേശ്, വിനീത സജീവ്, അഡ്വ. സാറ ജാഫർ, കൗൺസിലർമാരായ സയ്യിദ് മുഹമ്മദ് ഷമീൽ, മനക്കൽ ശശി, നമ്പിടി നാരായണൻ, എസ്.എം. തുഷാര, ആദം മാലിക്ക്, സഫറി വെള്ളയിൽ, ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ധർമലശ്രീ, എൽഎസ്ജിഡി ചീഫ് എഞ്ചിനീയർ കെ ജി സന്ദീപ്, കോർപറേഷൻ സെക്രട്ടറി ഡി സാജു, ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ ജി പ്രമോദ്, ബിപിസിഎൽ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ അനുരാഗ് സറോജി, ദിനബന്ധു മണ്ടൽ, ചീഫ് ജനറൽ മാനേജർ ഇന്ദ്രജിത്ത് സിംഗ്, ജനറൽ മാനേജർ നന്ദൻ കുമാർ സിംഗ് തുടങ്ങിയവർ പങ്കെടുത്തു.
.jpg)


