പറക്കാനുള്ള ചിറകുകൾ വിദ്യാർഥികളുടെ പക്കലുണ്ട്, വഴികാട്ടാൻ കുടുംബശ്രീ ഒപ്പമുണ്ടാകും: മന്ത്രി കെ.എം. ഷാജി

km shaji


കോഴിക്കോട് :'ഉയരങ്ങളിലേക്ക് പറക്കാനുള്ള ചിറകുകൾ വിദ്യാർത്ഥികളുടെ കൈവശമുണ്ട്; ശരിയായ ദിശാബോധം നൽകുക മാത്രമാണ് കുടുംബശ്രീ ചെയ്യുന്നത്'- തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ ഈ വാക്കുകളെ നിറഞ്ഞ കൈയടിയോടെയാണ് കോഴിക്കോട് കടപ്പുറത്ത് ഒത്തുകൂടിയ വിദ്യാർത്ഥിനികൾ വരവേറ്റത്. 'പഠനം കഴിഞ്ഞ് ജോലി തേടുക' എന്ന പരമ്പരാഗത ചിന്താഗതികൾക്ക് വിരാമമിട്ട്, വിദ്യാർത്ഥിനികൾക്ക് പഠനത്തോടൊപ്പം വരുമാനവും സംരംഭകത്വ വൈദഗ്ധ്യവും ഉറപ്പാക്കുന്ന 'കുടുംബശ്രീ @ ക്യാമ്പസ്' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് കടപ്പുറത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജീവിത പ്രതിസന്ധികളെ അതിജീവിച്ച് സ്ത്രീകൾ കെട്ടിപ്പടുത്ത കരുത്തുറ്റ പ്രസ്ഥാനമാണ് കുടുംബശ്രീ. യുവതലമുറയുടെ സാങ്കേതിക മികവും സർഗ്ഗാത്മകതയും സമന്വയിപ്പിച്ച് അവരുടെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാർത്ഥികളുടെ അഭിപ്രായങ്ങളും ആശയങ്ങളും ഉൾക്കൊണ്ട് രൂപപ്പെടുത്തിയ കൂട്ടായ വേദിയായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കോളേജുകളിൽ സംരംഭകത്വ ക്ലബ്ബുകൾ രൂപീകരിച്ച് വിദ്യാർത്ഥികളുടെ നവീന ആശയങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള വേദിയൊരുക്കുകയാണ് കുടുംബശ്രീ. ഇന്റേൺഷിപ്പ്, മെന്റർഷിപ്പ്, ബിസിനസ് പ്ലാനിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, സാമ്പത്തിക സാക്ഷരത എന്നിവയ്‌ക്കൊപ്പം സ്റ്റാർട്ടപ്പുകളിലും ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളിലും നിരവധി പുതിയ അവസരങ്ങൾ പദ്ധതിയിലൂടെ തുറക്കപ്പെടും. കേരളത്തിൽ ആയിരക്കണക്കിന് റിസോർട്ടുകളും ഹോട്ടലുകളുമുണ്ടെങ്കിലും അവ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള വിദഗ്ധരുടെ കുറവുണ്ട്. വിദ്യാർത്ഥികളുടെ നൂതനാശയങ്ങളും ഭാവനയും ഈ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

28 വർഷം മുമ്പ് മലപ്പുറം ജില്ലയിൽ തുടക്കം കുറിച്ച കുടുംബശ്രീ പ്രസ്ഥാനം ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ വനിതാ ശൃംഖലകളിലൊന്നായി വളർന്നിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 7,000-ത്തിലധികം വനിതകളെ ജനപ്രതിനിധികളായി ഉയർത്തിക്കൊണ്ടുവരാൻ കുടുംബശ്രീക്ക് സാധിച്ചു. വീടിന്റെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിനിന്നിരുന്ന ഒരു തലമുറയ്ക്ക് സമൂഹത്തിന്റെ മുൻനിരയിലേക്ക് കടന്നുവരാനുള്ള മാർഗ്ഗനിർദ്ദേശവും കരുത്തും നൽകുന്ന ശക്തിയായി കുടുംബശ്രീ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാങ്കേതികവിദ്യയും ഡിജിറ്റൽ സൗകര്യങ്ങളും വിരൽത്തുമ്പിൽ ലഭ്യമായ ഈ കാലഘട്ടത്തിൽ, വിദ്യാഭ്യാസത്തെയും തൊഴിലിനെയും പരസ്പരം ബന്ധിപ്പിച്ച് യുവജനങ്ങളുടെ സ്വപ്നങ്ങൾ കേരളത്തിൽ തന്നെ സാക്ഷാത്കരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലെ 27 കോളേജുകളിൽ നിന്നായി 200-ൽ അധികം വിദ്യാർഥിനികളാണ് പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. പരിപാടിയുടെ ഭാഗമായി മന്ത്രിയ്‌ക്കൊപ്പം ബീച്ച് വാക്ക് നടത്തിയ വിദ്യാർഥികൾ അദ്ദേഹത്തിനൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു. ബീച്ചിലൊരുക്കിയ വേദിയിൽ മന്ത്രിയും വിദ്യാർഥികളുമായി ആശയസംവാദവും നടന്നു.

ചടങ്ങിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ, കൗൺസിലർമാരായ സൗഫിയ അനീഷ്, ടി.പി.എം ജിഷാൻ, സഫറി വെള്ളയിൽ, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ വി. വിഘ്‌നേശ്വരി, അസിസ്റ്റന്റ് കളക്ടർ മാളവിക ജി. നായർ, സെൻട്രൽ സി.ഡി.എസ് ചെയർപേഴ്‌സൺ ജാസ്മിൻ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി യൂണിയൻ വൈസ് പ്രസിഡന്റ് നീരജ എന്നിവർ സംസാരിച്ചു.

Tags