ആശുപത്രികളിലെ സൗകര്യങ്ങൾ വർധിപ്പിക്കുക സർക്കാർ നിലപാട്: മന്ത്രി കെ മുരളീധരൻ

Adoor Prakash should say what he has to say at party forums; Minister K Muraleedharan says it is not right to behave like this

കോഴിക്കോട് :സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങൾ വർധിപ്പിച്ച് സാധാരണക്കാർക്ക് മികച്ച ചികിത്സ ഉറപ്പാക്കുകയെന്നതാണ് സംസ്ഥാന സർക്കാർ നിലപാടെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഉള്ളിയേരി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ വി ടി സൂരജ് എംഎൽഎ അധ്യക്ഷത വഹിച്ചു.

സാധാരണക്കാരുടെ ആശ്രയകേന്ദ്രമാണ് സർക്കാർ ആശുപത്രികൾ. സർക്കാർ  ആശുപത്രികളിലെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് സർക്കാർ മുൻഗണന നൽകുന്നത്. ആവശ്യത്തിന് ഡോക്ടർമാരില്ലാതെ ചില ആശുപത്രികൾ പ്രവർത്തിക്കുന്നത് പരിഹരിക്കുന്നതിനായി 1800 ഓളം പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നു ഘട്ടങ്ങളിലായി പുതിയ തസ്തികകൾ സൃഷ്ടിച്ച് വേഗത്തിൽ നിയമനം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അസ്ഥിരോഗം ബാധിച്ച കുട്ടികൾക്ക് കുറഞ്ഞ ചെലവിൽ മികച്ച ഗുണമേന്മയുള്ള ഇന്ത്യൻ നിർമിത മരുന്നുകൾ ലഭ്യമാക്കും. ഹീമോഫീലിയ അടക്കമുള്ള അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോസ്റ്റ്മോർട്ടം നടപടികളിൽ വിപ്ലവകരമായ മാറ്റം വരുത്തുന്ന, മൃതദേഹം കീറിമുറിക്കാതെ ആധുനിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയുള്ള 'വെർച്വൽ ഓട്ടോപ്‌സി' സാങ്കേതികവിദ്യ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കും. സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് മെഡിക്കൽ കോളേജിലായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക. ആരോഗ്യമേഖലയിൽ സേവന വീഴ്ചകളോ അനാസ്ഥയോ ഉണ്ടായാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഉള്ളിയേരിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആരംഭഘട്ടം മുതൽ വിവിധ ഘട്ടങ്ങളിലെ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മന്ത്രി ഓർമിച്ചു. പാർലമെന്റ് അംഗമായിരുന്ന കാലത്ത് എം.പി ഫണ്ടിന്റെ ഭൂരിഭാഗവും സർക്കാർ ആശുപത്രികൾക്കും വിദ്യാലയങ്ങൾക്കുമാണ് വിനിയോഗിച്ചത്. ബാലുശ്ശേരിയിലെ വിദ്യാലയത്തിനാണ് തന്റെ ആദ്യ എം.പി ഫണ്ട് അനുവദിച്ചതെന്നും മന്ത്രി അനുസ്മരിച്ചു.

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് അനുവദിച്ച ഹെൽത്ത് ഗ്രാന്റ് ഉൾപ്പെടെ ആദ്യഘട്ടത്തിൽ നാല് കോടി രൂപ വിനിയോഗിച്ചാണ് ഉള്ളിയേരിയിലെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിക്കുന്നത്.

ചടങ്ങിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയിൽ കുറുമ്പൊയിൽ, വൈസ് പ്രസിഡന്റ് ഫാത്തിമ ഷാനവാസ്, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി നാസർ, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി, അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ജയകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റീമ കുന്നുമ്മൽ, ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ മണി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷൈനി അശോക്, വൈശാഖ് കണ്ണോറ, പുഷ്പ ടീച്ചർ, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ പുനത്തിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി അജിത, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോബി സാലസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സരിത കുമാരി, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി കെ അഫ്‌സൽ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Tags