സർക്കാർ ആശുപത്രികളുടെ നവീകരണത്തിന് സി.എസ്.ആർ ഫണ്ടുകൾ ഉൾപ്പെടെ ഉപയോഗപ്പെടുത്തും : മന്ത്രി കെ മുരളീധരൻ

Disciplined Congressman Ramesh Chennithala should join the cabinet: K. Muraleedharan

കോഴിക്കോട് : ആരോഗ്യ മേഖലയുടെ നവീകരണത്തിന് പരമാവധി ഫണ്ടുകൾ വിനിയോഗിക്കുമെന്നും ആക്ഷേപങ്ങൾ കുറക്കുമെന്നും ആരോഗ്യ മന്ത്രി കെ മുരളീധരൻ. ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ട് മനസ്സിലാക്കി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന 'കായകൽപ്പം' ജനസമ്പർക്ക പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നിർവഹിക്കുകയായിരുന്നു മന്ത്രി. സർക്കാർ ആശുപത്രികളെ സഹായിക്കാൻ മുന്നോട്ടുവരുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കും. കെട്ടിടങ്ങളും മറ്റും നിർമിക്കാനും സൗകര്യങ്ങൾ ഒരുക്കാനും സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ടുകളും മറ്റും ഉപയോഗപ്പെടുത്തും. ഇതിനെ സ്വകാര്യവത്കരണമായി തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മനസ്സിലാക്കി ക്രോഡീകരിച്ച് പരിഹാരം കാണും. കെട്ടിടങ്ങൾ, ഉപകരണങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവ് എന്നിവ പരിശോധിക്കും. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ കണക്കെടുത്ത് പരിഹാരം കാണും. രോഗികളെ നിലത്ത് കിടത്തുന്ന സാഹചര്യം ഒഴിവാക്കും. കുടിശ്ശികയുള്ളതിനാൽ ജീവൻരക്ഷാ ഉപകരണങ്ങളുടെയടക്കം വിതരണം കമ്പനികൾ നിർത്തിയ സാഹചര്യമുണ്ട്. മരുന്നുകളുടെ ലഭ്യതക്കുറവിനും ഇത് കാരണമാകുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ ആശുപത്രികൾ വരെയുള്ളവയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായാലേ മെഡിക്കൽ കോളേജുകളിലെ പ്രതിസന്ധികൾക്ക് പരിഹാരമാകൂ. എം.പിമാരുടെയും എം.എൽ.എമാരുടെയും ഫണ്ടുകൾ ആരോഗ്യ മേഖലയിൽ ചെലവിടുന്നതിന് മുൻഗണന നൽകണം. പുതിയ ചുവടുവെപ്പിനോട് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളുമെല്ലാം സഹകരിച്ച് ഒരു കുടുംബമായി മുന്നോട്ടുപോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ചികിത്സാ പിഴവുകൾ വരുമ്പോൾ കൃത്യമായി പരിശോധിച്ച് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാകും നടപടിയെടുക്കുക. കിഫ്ബി പദ്ധതികളിൽ പൂർത്തീകരിക്കാനുള്ളവ പൂർത്തിയാക്കും. എന്നാൽ, പുതിയ പദ്ധതികൾ തുടങ്ങുന്നത് സംബന്ധിച്ച് നയപരമായേ തീരുമാനമെടുക്കൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ശരീരം കീറിമുറിക്കാതെ പോസ്റ്റ്‌മോർട്ടം ചെയ്യുന്ന വിർച്വൽ ഓട്ടോപ്‌സി സംവിധാനം നടപ്പാക്കണമെന്ന ഷാഫി പറമ്പിൽ എം.പിയുടെ ആവശ്യത്തോട് പ്രതികരിച്ച മന്ത്രി അത് നടപ്പാക്കുമെന്ന പ്രഖ്യാപനവും ചടങ്ങിൽ നടത്തി.

വെള്ളയിൽ മീനൂസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഡ്വ. കെ ജയന്ത് എം.എൽ.എ അധ്യക്ഷനായി. ഷാഫി പറമ്പിൽ എം.പി, എം.എൽ.എമാരായ അഡ്വ. പ്രവീൺകുമാർ, പാറക്കൽ അബ്ദുള്ള, എം എ റസാഖ് മാസ്റ്റർ, അഡ്വ. വിദ്യാ ബാലകൃഷ്ണൻ, കെ എം അഭിജിത്ത്, വി.ടി സൂരജ്, സി കെ കാസിം, ഫൈസൽ ബാബു, ഫാത്തിമ തഹ്‌ലിയ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ കൊട്ടാരത്തിൽ, ജില്ലാ കലക്ടർ എം എസ് മാധവിക്കുട്ടി, കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ സഫറി വെള്ളയിൽ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ വി വിശ്വനാഥൻ, ഐ.എസ്.എം ഡയറക്ടർ ഡോ. കെ.എസ് പ്രിയ, ഹോമിയോ ഡയറക്ടർ ഡോ. ഡോ. എംപി ബീന, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി പി രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്ത് പരാതികളും നിർദേശങ്ങളും സമർപ്പിച്ചു. പൊതുജനങ്ങളിൽനിന്ന് മന്ത്രി നേരിട്ടും നേരത്തെ തയാറാക്കിയ കൗണ്ടറുകൾ വഴിയും പരാതി സ്വീകരിച്ചു. നിയോജകമണ്ഡലം അടിസ്ഥാനത്തിൽ ജനപ്രതിനിധികളുമായും ആരോഗ്യ പ്രവർത്തകരുമായും മന്ത്രി ചർച്ച നടത്തി. ആശുപത്രി കെട്ടിടങ്ങളുടെ ഫിറ്റ്‌നസ്, ചികിത്സാ ഉപകരണങ്ങൾ, ഒഴിവുകൾ നികത്തൽ, സ്‌പെഷാലിറ്റി ഡോക്ടർമാരുടെ നിയമനം, പുതിയ പോസ്റ്റുകൾ അനുവദിക്കൽ തുടങ്ങിയ വിഷയങ്ങളായിരുന്നു പ്രധാനമായും ചർച്ച ചെയ്തത്.

Tags