ചിന്താശേഷി വളർത്താൻ വായന അനിവാര്യം :മന്ത്രി എ കെ ശശീന്ദ്രൻ
കോഴിക്കോട് :കമ്പ്യൂട്ടർ യുഗത്തിലും നമ്മുടെ ചിന്താശേഷിയും ബുദ്ധികൂർമതയും ശക്തിപ്പെടുത്താൻ വായന അനിവാര്യമാണെന്ന് വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ജില്ലയിൽ അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി പട്ടികവർഗ സാമൂഹിക പഠനമുറികളിലും ഹോസ്റ്റലുകളിലും സ്ഥാപിക്കുന്ന 16 ലൈബ്രറികളുടെ പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.
tRootC1469263">ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ കെ നവാസ് അധ്യക്ഷനായി. ആർ.ജി.എസ്.എ ജില്ലാ പ്രോജക്ട് മാനേജർ എം എസ് വിഷ്ണു റിപ്പോർട്ട് അവതരിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി ടി പ്രസാദ്, ഡെപ്യൂട്ടി ഡയറക്ടർ കെ വി രവികുമാർ, പട്ടികവർഗ വികസന ഓഫീസർ ആർ സിന്ധു, സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോഗ്രാം ഓഫീസർ വി ടി ഷീബ, ലൈബ്രറി കൗൺസിൽ ഭാരവാഹി ഡോ. വി സുരേഷ് ബാബു, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. സുരേഷ് പുത്തൻപുരയിൽ, ജില്ലാ കൺവീനർ എം കെ ഫൈസൽ എന്നിവർ സംസാരിച്ചു.
അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി നൂറോളം പുസ്തകങ്ങൾ സംഭാവന ചെയ്ത കെ ടി മുംതാസ്, പ്രവാസി സംഘടനയായ യുണീക് ഫ്രണ്ട്‌സ് ഓഫ് കേരള, തദ്ദേശ സ്വയംഭരണ വകുപ്പ് സീനിയർ സൂപ്രണ്ട് രാധിക, തദ്ദേശ സ്വയംഭരണ വകുപ്പ് മുൻ സീനിയർ ക്ലർക്ക് പത്മകുമാർ, എൻ.എസ്.എസ് ഭാരവാഹികൾ എന്നിവർക്ക് ഉപഹാരം നൽകി. പുസ്തകങ്ങൾ ശേഖരിക്കാൻ സഹായിച്ച എൻ.എസ്.എസ് യൂണിറ്റുകളെയും സ്‌കൂളുകളെയും കോളേജുകളെയും സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.
'വായനയിലൂടെ ഉന്നതിയിലേക്ക്' എന്ന സന്ദേശത്തിൽ ജില്ലയിലെ പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങളിലെ കുട്ടികളിലും യുവജനങ്ങളിലും വായനാശീലം വളർത്തുകയും അറിവിലൂടെ വ്യക്തിത്വ വികസനവും സാമൂഹിക ഉന്നമനവും സാധ്യമാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പും പട്ടികവർഗ വികസന വകുപ്പും സംയുക്തമായി രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാന്റെ ഭാഗമായി ആവിഷ്‌കരിച്ച പദ്ധതിയാണ് 'അക്ഷരോന്നതി'. വിദ്യാർഥികളുടെ പഠനമുറികളിലും ഹോസ്റ്റലുകളിലും വായനാ സൗകര്യങ്ങളും ആവശ്യമായ പുസ്തകങ്ങളും ഉറപ്പാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ജില്ലയിൽ നടത്തിയ പ്രവർത്തനത്തിന്റെ ഭാഗമായി പതിനാറായിരത്തിലധികം പുസ്തകങ്ങളാണ് ശേഖരിച്ചത്.
.jpg)


