ഖാദി വസ്ത്രങ്ങൾ പുതുതലമുറയിലേക്ക് പകർന്നുനൽകണം :മന്ത്രി അഡ്വ. ടി സിദ്ദീഖ്
കോഴിക്കോട് : ഗ്രാമീണ സ്വയംപര്യാപ്തതയും സ്വാശ്രയത്വവും ലക്ഷ്യമിട്ട് ഉൽപാദിപ്പിച്ച ഖാദി വസ്ത്രങ്ങൾ പുതുതലമുറയിലേക്ക് പകർന്നുനൽകേണ്ടത് ഓരോരുത്തരുടെയും കർത്തവ്യമാണെന്നും ഈ ഓണത്തിന് ഓരോ കുടുംബത്തിലും ഒരു ഖാദി ഉൽപന്നമെങ്കിലും എത്തിക്കുന്നതിനായി പ്രവർത്തിക്കണമെന്നും കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ്. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിലുള്ള ഖാദി ഓണം മേള 2026ന്റെ ജില്ലാതല ഉദ്ഘാടനവും ആദ്യവിൽപനയും കോഴിക്കോട് ചെറൂട്ടി റോഡിലെ ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. അഡ്വ. ഫൈസൽ ബാബു എം.എൽ.എ അധ്യക്ഷനായി.
ഖാദി എള്ളെണ്ണ ലോഞ്ചിങ്ങും അദ്ദേഹം നിർവഹിച്ചു. ഖാദി കുപ്പടം സാരി ലോഞ്ചിങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹനും ഓണം സമ്മാന കൂപ്പൺ ആദ്യ നറുക്കെടുപ്പും കുപ്പടം സാരി നെയ്‌തെടുത്ത തൊഴിലാളികളെ ആദരിക്കലും സബ് കലക്ടർ എസ്. ഗൗതംരാജും നിർവഹിച്ചു. കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് മാർക്കറ്റിങ് ഡയറക്ടർ കെ. ഷിബി, അമൃത് രാജ് ജോസി, കെ.കെ ദിനേശൻ, ഹനീഫ പനായി, എസ് ശിഹാബുദ്ദീൻ, ടി. ബൈജു, ബി.എസ് രാജീവ്, എം.കെ ശ്യാമപ്രസാദ്, യു. രാധാകൃഷ്ണൻ, ശ്രീകേഷ്, വി ഷിബു എന്നിവർ സംസാരിച്ചു.
കോഴിക്കോട് ചെറൂട്ടി റോഡിൽ കോടതിക്ക് സമീപം, വടകര പഴയ ബസ്സ്റ്റാൻഡ് ബിൽഡിങ്, ബാലുശ്ശേരി അറപ്പീടിക എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഖാദി ബോർഡിന്റെ ഷോറൂമുകളിൽ ആഗസ്റ്റ് 25 വരെ ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വിലക്കിഴിവ് ലഭിക്കും. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ ബാങ്ക് ജീവനക്കർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് പർച്ചേസിനുള്ള സൗകര്യവും ബോർഡിന്റെ അംഗീകൃത ഷോറൂമുകളിലുണ്ടാകും. മേള ആഗസ്റ്റ് 25 വരെ തുടരും. പൊതുഅവധി ദിനങ്ങളിലും ഞായറാഴ്ചകളിലും ഷോറൂമുകൾ പ്രവർത്തിക്കും.
.jpg)

