തദ്ദേശ തെരഞ്ഞെടുപ്പ്: എ.ഐ, സോഷ്യൽ മീഡിയ പ്രചാരണങ്ങളിൽ മാർഗനിർദേശങ്ങൾ പാലിക്കണം

PANCHAYATH ELECTION
PANCHAYATH ELECTION

കോഴിക്കോട് : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), സോഷ്യൽ മീഡിയ പ്രചാരണങ്ങളിൽ തെരഞ്ഞെടുപ്പ് കമീഷന്റെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിങ് അറിയിച്ചു.  

പ്രചാരണത്തിന് ഉപയോഗിക്കുന്ന എ.ഐ, അല്ലെങ്കിൽ ഡിജിറ്റലായി മാറ്റം വരുത്തിയ എല്ലാ ഉള്ളടക്കങ്ങളിലും Al Generated'/ 'Digitally Enhanced'/ 'Synthetic Content' എന്നീ ലേബലുകൾ വ്യക്തമായി ഉൾക്കൊള്ളിക്കണം. വീഡിയോയിൽ സ്‌ക്രീനിന് മുകളിലായി, ചിത്രങ്ങളിൽ കുറഞ്ഞത് 10 ശതമാനം ഡിസ്‌പ്ലേ ഭാഗത്തും ഓഡിയോയിൽ ആദ്യ 10 ശതമാനം സമയദൈർഘ്യത്തിലും ലേബൽ വ്യക്തമായി ഉണ്ടാകണം. ഉള്ളടക്കം സൃഷ്ടിച്ച വ്യക്തിയുടെ/സ്ഥാപനത്തിന്റെ പേര് മെറ്റാഡാറ്റയിലും വിവരണത്തിലും വെളിപ്പെടുത്തണം.

tRootC1469263">

പ്രചാരണത്തിന് ഉപയോഗിക്കുന്ന ഡീപ് ഫേക്ക്, സിന്തറ്റിക് കണ്ടന്റ് എന്നിവ പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കാനും തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാനും സാധ്യതയുള്ളതിനാൽ ഐ ടി ആക്റ്റ് 2000, ഐടി (ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്) റൂൾസ് 2021, ഭാരതീയ ന്യായ സംഹിത 2023, മാതൃകാ പെരുമാറ്റച്ചട്ടം എന്നിവയിലുള്ള എല്ലാ വ്യവസ്ഥകളും ഇത്തരം ഉള്ളടക്കങ്ങളുടെ നിർമാണത്തിലും പ്രചാരണത്തിലും കൃത്യമായി പാലിക്കണം. ഡീപ് ഫേക്ക് വീഡിയോ, ഓഡിയോ, തെറ്റായ വിവരങ്ങൾ, സ്ത്രീകളെ അപമാനിക്കുന്ന ഉള്ളടക്കം, കുട്ടികളെ പ്രചാരണത്തിന് ഉപയോഗിക്കൽ, മൃഗങ്ങളോടുള്ള ഹിംസ പ്രചരിപ്പിക്കൽ എന്നിവ പൂർണമായും നിരോധിച്ചിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിർമിക്കുന്നതും അവ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടികളുണ്ടാവും.

മറ്റു പൊതുതിരഞ്ഞെടുപ്പുകളിൽ ബാധകമായിട്ടുള്ള ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ഐ.എ.എം.എ.ഐ)  മാർഗനിർദേശങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിനും ബാധകമാണ്. എല്ലാ ഇന്റർനെറ്റ് വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും 2000ത്തിലെ ഇൻഫർമേഷൻ ആക്ടിലെ വ്യവസ്ഥകളും സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്റെ മാർഗനിർദേശങ്ങളും പാലിക്കണം. പ്രചാരണത്തിന്റെ വിശ്വാസ്യതയും മത്സരത്തിലെ തുല്യതയും ഉറപ്പാക്കാൻ സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും പ്രചാരണം നടത്തുന്നവരും കൃത്യമായി ശ്രദ്ധിക്കണം. മീഡിയ റിലേഷൻസ് കമ്മിറ്റിയോ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ നിയമപരമല്ലെന്ന് കണ്ടെത്തിയ ഉള്ളടക്കം സമൂഹമാധ്യമത്തിൽനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാൽ അവ എത്രയും വേഗം നീക്കം ചെയ്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും.

സമൂഹമാധ്യമങ്ങളിലെ പ്രചാരണ പരിപാടികൾ സൈബർ പോലീസ് വിഭാഗം നിരീക്ഷിക്കുന്നുണ്ട്. വ്യാജ കണ്ടന്റുകൾ കണ്ടെത്തുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്താൽ പോലീസ് നിയമനടപടി സ്വീകരിക്കും. വ്യാജമായതോ ദോഷകരമായതോ അപകീർത്തികരമായതോ ആയ ഉള്ളടക്കങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കും. വിവിധ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലെ ഗ്രൂപ്പുകളുടെ പ്രചാരണപ്രവർത്തനങ്ങൾ നിരീക്ഷിക്കും.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന കണ്ടന്റുകളെല്ലാം കമീഷൻ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും നിരീക്ഷിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരാളുടെ രൂപം, ശബ്ദം, സ്വത്വം തുടങ്ങിയവ (കാർട്ടൂണുകളും ആക്ഷേപഹാസ്യ പരിപാടികളും അല്ലാത്തവ) തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ മാറ്റുന്നതുും അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതും ഒഴിവാക്കണം. പാർട്ടികളുടെ ഔദ്യോഗിക സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ ഇത്തരം ഉള്ളടക്കം കണ്ടെത്തുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്താൽ മൂന്നു മണിക്കൂറിനുള്ളിൽ അവ നീക്കം ചെയ്യുകയും ഉത്തരവാദികളായവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യും. വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ വിവരങ്ങളും അതത് പ്ലാറ്റ്‌ഫോമുകൾക്ക് റിപ്പോർട്ട് ചെയ്യും. 

എ.ഐ ഉപയോഗിച്ച് നിർമിച്ച എല്ലാ പ്രചാരണ സാമഗ്രികളും തയാറാക്കിയ തീയതി, നിർമാതാവിന്റെ വിവരങ്ങൾ എന്നിവ ആഭ്യന്തര രേഖകളായി രാഷ്ട്രീയ പാർട്ടികൾ സൂക്ഷിക്കുകയും കമീഷനോ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ വരണാധികാരിയോ ആവശ്യപ്പെട്ടാൽ ഹാജരാക്കുകയും വേണം. നിയമവിരുദ്ധമായ കണ്ടന്റുകൾ നിർമ്മിക്കുന്നവർക്കും അവ പ്രചരിപ്പിക്കുന്നവർക്കും പ്രചരിപ്പിക്കുന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻമാർക്കുമെതിരെ നടപടിയുണ്ടാകുമെന്നും ജില്ലാ കലക്ടർ അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സമൂഹമാധ്യമങ്ങൾ എന്നിവ ഉപയോഗിച്ചുള്ള പ്രചാരണങ്ങളുമായി ബന്ധപ്പെട്ട പരാതികൾ dio.prd@gmail.com ഇ-മെയിൽ വഴിയും 0495 2370225 നമ്പറിലൂടെയും അറിയിക്കാം.

Tags