കുടുംബശ്രീ ഓണം മേളകൾ: നേടിയത് 3.15 കോടി രൂപയുടെ വിറ്റുവരവ്
കോഴിക്കോട് :കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിൽ സംഘടിപ്പിച്ച വിവിധ ഓണം വിപണനമേളകൾ നേടിയത് മികച്ച വിറ്റുവരവ്. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ച 148 മേളകളിലൂടെ ആകെ 3,15,07,517 രൂപയുടെ വിറ്റുവരവാണ് നേടിയത്. വിവിധ തദ്ദേശ സ്ഥാപനതലങ്ങളിലും കുടുംബശ്രി സംവിധാനത്തിന് കീഴിലുമായി നടന്ന മേളകളിൽ 4,230 കുടുംബശ്രീ സംരംഭ യൂണിറ്റുകൾ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നബാർഡിന്റെ സഹകരണത്തോടെ ചെങ്കോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ജില്ലാതല ഓണം വിപണനമേളയിൽ ആകെ 12,48,115 രൂപയുടെ വിറ്റുവരവുണ്ടായി.
ഓണം ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചിൽ സപ്ലൈകോ സംഘടിപ്പിച്ച മെഗാ മേളയോടനുബന്ധിച്ച് ഒരുക്കിയ കുടുംബശ്രീ ജില്ലാതല ഭക്ഷ്യമേളയിൽ 5,38,150 രൂപയുടെ വിറ്റുവരവും നേടി. കുടുംബശ്രീ സി.ഡി.എസ്. സംവിധാനത്തിലൂടെ വിതരണം ചെയ്ത 4,230 ഓണക്കിറ്റുകളിൽ നിന്ന് 22,41,500 രൂപയുടെ വിറ്റുവരവുണ്ടായി. ഓണം സദ്യയ്ക്കും കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റുകൾക്കും മികച്ച വിപണി ലഭിച്ചു. വിവിധ കേന്ദ്രങ്ങളിലായി ലഭിച്ച 4,021 ഓണസദ്യ ഓർഡറുകളിലൂടെ 10,06,000 രൂപയുടെ വിറ്റുവരവ് കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റുകൾ നേടി. ഓണക്കനിയുടെ ഭാഗമായി ജെഎൽജി കർഷകരുടെ നേത്യത്വത്തിൽ ഉത്പാദിപ്പിച്ച 30,527 കിലോ പച്ചക്കറികൾ വിപണിയിലെത്തിച്ച് ആകെ 29,18,705 രൂപയുടെ വിറ്റുവരവും നേടാനായി.
നിറ പൊലിമയുടെ ഭാഗമായി നടത്തിയ നിറപൊലിമ പൂക്കൃഷിക്ക് ലഭിച്ചത് 4,98,898 രൂപയുടെ വിറ്റുവരവാണ്. ജില്ലയിലെ കുടുംബശ്രീ സംരംഭകർക്ക് വിപണി ലഭ്യമാക്കുക, ഉൽപന്നങ്ങളുടെ വിൽപ്പന വർധിപ്പിക്കുക, സംരംഭകരുടെ വരുമാനം ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് വിവിധ തലങ്ങളിലായി ഓണം വിപണന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സി.ഡി.എസുകൾ, കുടുംബശ്രീ സംരംഭകർ, വിവിധ സർക്കാർ-സർക്കാരിതര സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് ഓണം വിപണന പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കിയത്.
.jpg)

