ജില്ലയെ പൂർണ സാക്ഷരതയിലെത്തിക്കാൻ നടപടി: കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Kozhikode District Panchayat President


കോഴിക്കോട്  : കോഴിക്കോട് ജില്ലയിൽ അവശേഷിക്കുന്ന മുഴുവൻ നിരക്ഷരരെയും സാക്ഷരരാക്കി ജില്ലയെ പരിപൂർണ സാക്ഷരതയിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സാക്ഷരതാ മിഷനും സംയുക്തമായി നേതൃത്വം നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ കൊട്ടാരത്തിൽ പറഞ്ഞു. ജില്ലയിലെ ആയിരം നിരക്ഷരരെ കൂടി സാക്ഷരരാക്കുന്നതിനായി ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ തീരദേശ മേഖലകളിലും പട്ടികവർഗ ഉന്നതികളിലും ആരംഭിക്കുന്ന 100 സാക്ഷരതാ ക്ലാസുകളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുനീർ എറവത്ത് അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എൻ.കെ. ഹരീഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്, ജില്ലാ പട്ടികവർഗ വികസന ഓഫീസർ സി. ശശി, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. അജിത, ഗ്രാമപഞ്ചായത്ത് അംഗം സജിത മുഹമ്മദലി, ജില്ലാ സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ പി.എൻ. ബാബു, എ. രാജേഷ് എന്നിവർ സംസാരിച്ചു.

ജില്ലയിലെ ഏറ്റവും മുതിർന്ന പഠിതാവായ 73 വയസ്സുകാരനും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ ചൂലൻ കുട്ടിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ കൊട്ടാരത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സാക്ഷരതാ-തുല്യതാ പദ്ധതികളിലേക്ക് കൂടുതൽ പഠിതാക്കളെ എത്തിക്കുന്നതിൽ മികച്ച പ്രവർത്തനം നടത്തിയ സാക്ഷരതാ മിഷൻ പ്രേരക്മാരായ പി.പി. സാബിറ, പി.കെ. സുജന്ത, എ.പി. വിജയൻ, ടി.എം. ജിൽഷ, സംഗീത പി.വി. എന്നിവരെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പൊന്നാട അണിയിച്ച് ആദരിച്ചു.

Tags