കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി വത്തിക്കാൻ

kozhikkode latin mar papa
kozhikkode latin mar papa

കോഴിക്കോടും വത്തിക്കാനിലും ഒരേ സമയമാണ് പ്രഖ്യാപനം നടത്തിയത്

കോഴിക്കോട് :  കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി വത്തിക്കാൻ. ശതാബ്ദി ആ​ഘോഷിച്ച് 102 വർഷം പിന്നിടുന്ന വേളയിലാണ് കോഴിക്കോട് ലത്തീൻ രൂപതയെ ഫ്രാൻസിസ് മാർപാപ്പ അതിരൂപതയായി പ്രഖ്യാപിച്ചത്. ഇതോടെ ഡോ.വർഗീസ് ചക്കാലക്കൽ ആർച്ച് ബിഷപ്പ് സ്ഥാനത്തേയ്ക്ക് ഉയർന്നു. 

കോഴിക്കോടും വത്തിക്കാനിലും ഒരേ സമയമാണ് പ്രഖ്യാപനം നടത്തിയത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രഖ്യാപനം മാർ ജോസഫ് പാംപ്ലാനി കോഴിക്കോട് വായിച്ചു. ആർച്ച് ബിഷപ്പായി നിയോ​ഗിക്കപ്പെട്ട ഡോ.വർഗീസ് ചക്കാലക്കലിനെ ജോസഫ് മാർ പാംപ്ലാനി മാല്യം അണിയിച്ച് സ്വീകരിച്ചു. 

ലത്തീൻ സഭയുടെ കേരളത്തിലെ മൂന്നാമത്തെ അതിരൂപതയാണ് കോഴിക്കോട് അതിരൂപത. തിരുവനന്തപുരവും വരാപ്പുഴയും ആണ് കേരളത്തിലെ മറ്റ് രണ്ട് അതിരൂപതകൾ. കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തിയതോടെ കണ്ണൂർ, സുൽത്താൻ പേട്ട് രൂപതകളും കോഴിക്കോട് അതിരൂപതയുടെ പരിധിയിൽ വരും. ഷൊർണൂർ മുതൽ കാസർകോട് വരെയാണ് കോഴിക്കോട് അതിരൂപതയുടെ അധികാരപരിധിയിൽ വരുന്നത്. 

ഇതോടെ ഇന്ത്യയിലെ 25-ാമത് ലത്തീൻ അതിരൂപതയായി കോഴിക്കോട് അതിരൂപത അറിയപ്പെടും. 1923 ജൂൺ 12-നാണ് കോഴിക്കോട് ലത്തീൻ രൂപത സ്ഥാപിതമായത്. മലബാറിലെ ആദ്യ ലത്തീൻ രൂപത കൂടിയാണ് കോഴിക്കോട് അതിരൂപത.‌ ശതാബ്ദി നിറവിൽ ലഭിച്ച വലിയ അം​ഗീകാരത്തിന്റെ ആഹ്ലാദത്തിലാണ് വിശ്വാസി സമൂഹം.

Tags