വിദ്യാലയങ്ങളിൽ 'കതിര്' കാർഷിക ക്ലബ് പദ്ധതി ആരംഭിക്കും : മന്ത്രി ടി സിദ്ദിഖ്
കോഴിക്കോട് : വിദ്യാർഥികളിൽ കാർഷിക സംസ്‌കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളിൽ 'കതിര്' കാർഷിക ക്ലബ് പദ്ധതി ഉടൻ ആരംഭിക്കുമെന്ന് കാർഷിക വികസന-കർഷകക്ഷേമ വകുപ്പ് മന്ത്രി ടി സിദ്ദിഖ്. കൃഷിയിൽ ഏർപ്പെടുന്ന വിദ്യാർഥികൾക്ക് വെയിറ്റേജ് മാർക്ക് നൽകുന്ന സംവിധാനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കാർഷിക അടിസ്ഥാന സൗകര്യ വികസന നിധി സംസ്ഥാന കോൺക്ലേവ് കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി ആവിഷ്‌കരിക്കുന്ന കതിര് പദ്ധതി ആദ്യവർഷം 500 സ്‌കൂളുകളിൽ ആരംഭിക്കും. പിന്നീട് മുഴുവൻ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും. നോഡൽ അധ്യാപകർ, ബാക്ക് അപ് ടീം, 10,000 രൂപ സീഡിങ് മണി എന്നിവ ഏർപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭ വനിത കർഷക വർഷമായി പ്രഖ്യാപിച്ച ഈ വർഷം 'വനിത സഖി' എന്ന പേരിൽ വനിത കർഷകർക്ക് മാത്രമായി പ്രത്യേക പദ്ധതിക്ക് സർക്കാർ രൂപം നൽകിയതായും മന്ത്രി പറഞ്ഞു.
2020ൽ ആരംഭിച്ച കാർഷിക അടിസ്ഥാന സൗകര്യ വികസന നിധി (എ.ഐ.എഫ്) പദ്ധതി രണ്ടാംഘട്ടത്തിലേക്ക് കടക്കുകയാണ്. വിളവെടുപ്പിന് ശേഷമുള്ള പരിപാലനം, മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റുന്നത്, പാക്കിങ്, വിപണനം, കയറ്റുമതി എന്നിവ ഉൾപ്പെടെ കാർഷിക മേഖലയിൽ ആവശ്യമായ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന നിർണായക നിധിയായി എ.ഐ.എഫ് മാറിക്കഴിഞ്ഞു. എ.ഐ.എഫ് പൂർണ തോതിൽ വിനിയോഗിക്കാനും കൂടുതൽ തുക വാങ്ങിയെടുക്കാനുമുള്ള പ്രധാന ചുവടുവെപ്പാണ് സംസ്ഥാന കോൺക്ലേവെന്നും മന്ത്രി പറഞ്ഞു.
നിർമിത ബുദ്ധിയും ഐ.ഒ.ടിയും ഡ്രോണുമുൾപ്പെടെ എല്ലാ സങ്കേതങ്ങളും മനോഹരമായി ഉപയോഗപ്പെടുത്തുന്ന മേഖലയാണ് ഇന്ന് കാർഷികരംഗം. അതിനനുസരിച്ച് കർഷകർക്ക് എല്ലാവിധ ബാങ്കിങ് പിന്തുണയും നൽകുകയും കാലാനുസൃതമായ പദ്ധതികളും പരിപാടികളും വിഭാവനം ചെയ്യുകയുമാണ്. പദ്ധതി വഴി 2020 മുതൽ കേരളത്തിന് അനുവദിക്കപ്പെട്ട തുക 2520 കോടി രൂപയാണ്. ഇതിൽ 1734 കോടി രൂപയാണ് കേരളം ചെലവഴിച്ചത്. എന്നാൽ, കൂടുതൽ കാര്യക്ഷമമായി ഫണ്ട് ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി തുടർനടപടികളുമായി മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.
വെള്ളപ്പൊക്കവും വരൾച്ചയുമുൾപ്പെടെ കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ കാർഷിക മേഖലയിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും തുടർനടപടികൾ സ്വീകരിച്ച് കർഷകർക്ക് താങ്ങാകാനുമായി സഹകരണ വകുപ്പുമായി ചേർന്ന് പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.
കോവൂർ പി കൃഷ്ണപിള്ള മെമോറിയൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടർ സിന്ധു, ജില്ല പ്രിൻസിപ്പൽ കൃഷി ഓഫീസർ അജയ് അലക്സ്, കാനറാ ബാങ്ക് കോഴിക്കോട് സർക്കിൾ ഓഫീസ് ഡെപ്യൂട്ടി ജനറൽ മാനേജർ ആർ.കെ സിൻഹ, നബാർഡ് ഡിസ്ട്രിക്ട് ഡെവലപ്മെന്റ് മാനേജർ വി രാകേഷ്, ലീഡ് ഡിസ്ട്രിക്ട് ഓഫീസർ-ആർ.ബി.ഐ വി ജി മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു. മികച്ച കർഷ സംരംഭകർ, ബാങ്കുകൾ എന്നിവർക്കുള്ള പുരസ്‌കാരങ്ങളും കർഷകർക്കുള്ള സാങ്ഷൻ ലെറ്ററുകളും ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു. തുടർന്ന് ചർച്ചയും വിലയിരുത്തലും നടന്നു.
കാർഷിക അടിസ്ഥാന സൗകര്യ മേഖലയിൽ കൂടുതൽ നിക്ഷേപം ലഭ്യമാക്കി കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി രൂപീകരിച്ച വായ്പ ധനസഹായ പദ്ധതിയാണ് കാർഷിക അടിസ്ഥാന സൗകര്യ വികസന നിധി അഥവാ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (എ.ഐ.എഫ്). ഈ പദ്ധതി പ്രകാരം ശീതീകരണ സംഭരണികൾ, സംഭരണ കേന്ദ്രങ്ങൾ, സംസ്‌കരണ യൂണിറ്റുകൾ തുടങ്ങി സാമൂഹികാടിസ്ഥാനത്തിലുള്ള കാർഷിക ആസ്തികളും വിളവെടുപ്പാനന്തര അടിസ്ഥാന സൗകര്യങ്ങളും നിർമിക്കാൻ കഴിയും. കൂടാതെ വിളവെടുപ്പിന് ശേഷമുള്ള വിളകളുടെ നഷ്ടം പരമാവധി കുറക്കാനും പദ്ധതി സഹായകരമാണ്.
.jpg)

