അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണം 2026 : ഐ. എ. ജി അംഗങ്ങൾക്കായി ദുരന്ത നിവാരണ പരിശീലന പരിപാടി സംഘടിപ്പിച്ചു
കോഴിക്കോട് : അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ (ഇന്റർനാഷണൽ ഡേ ഫോർ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ 2026) ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ഇന്റർ ഏജൻസി ഗ്രൂപ്പും സംയുക്തമായി ഐ. എ. ജി (ഇന്റർ ഏജൻസി ഗ്രൂപ്പ് ) അംഗങ്ങൾക്കായി ദുരന്ത നിവാരണ പരിശീലന പരിപാടി സംഘടിപ്പിച്ചു.
കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ കെ. കെ. പ്രസീൽ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഐ. എ. ജി. കൺവീനർ പി. സിക്കന്ദർ അദ്ധ്യക്ഷത വഹിച്ചു.
മീഞ്ചന്ത ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.ടി. റഫീഖ് പരിശീലന ക്ലാസിന് നേതൃത്വം നൽകി. ചടങ്ങിൽ ജില്ലാ ഹസാർഡ് അനലിസ്റ്റ് പി. അശ്വതി, റഷീദ് പുന്നൂർ, ബിജു കക്കയം, പ്രകാശ് മാത്യു, നിഷ റോബിൻ, പി. കെ അബ്ദുൾ മജീദ്, കെ. സഫീർ തുടങ്ങിയവർ സംസാരിച്ചു.
എല്ലാ വർഷവും ഒക്ടോബർ 13 നാണ് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനമായി ആചരിക്കുന്നത്. പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനും ദുരന്തസാധ്യതകളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിനുമാണ് ദിനാചരണം. ദുരന്തങ്ങളെ മുന്നിൽക്കണ്ടുള്ള മുൻകരുതലുകൾ, അടിയന്തര സാഹചര്യങ്ങളിലെ ഏകോപനം, സന്നദ്ധ സംഘടനകളുടെയും ഏജൻസികളുടെയും പങ്കാളിത്തം എന്നിവ ഉറപ്പാക്കുന്നതിൽ ഐ. എ. ജി പോലുള്ള കൂട്ടായ്മകൾ വലിയ പങ്കാണ് വഹിക്കുന്നത്.
.jpg)


