കോഴിക്കോട് 14 വയസ്സ് പൂർത്തിയായ പെൺകുട്ടികൾ എച്ച്.പി.വി വാക്‌സിൻ സ്വീകരിക്കണം

mundineeru vaccination

കോഴിക്കോട് : ഗർഭാശയഗള കാൻസറിനെ പ്രതിരോധിക്കുന്ന എച്ച്.പി.വി വാക്‌സിൻ 14 വയസ്സ് പൂർത്തിയായ എല്ലാ പെൺകുട്ടികളും സ്വീകരിക്കണമെന്നും രക്ഷിതാക്കൾ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ കെ രാജാറാം അറിയിച്ചു. ഫെബ്രുവരി 28 മുതൽ സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ വഴി സൗജന്യമായി വാക്‌സിൻ നൽകി വരുന്നുണ്ട്. മെയ് 31 വരെ നടക്കുന്ന എച്ച്.പി.വി വാക്‌സിനേഷൻ ക്യാമ്പയിന്റെ ഭാഗമായി 14 വയസ്സ് പൂർത്തിയായ എല്ലാ പെൺകുട്ടികൾക്കും ഒറ്റ ഡോസ് വാക്സിൻ നൽകും. ജില്ലയിൽ ഇതുവരെ 4,794 പേർക്ക് വാക്‌സിൻ നൽകിയതായും ഡി.എം.ഒ അറിയിച്ചു. 

എന്താണ് ഗർഭാശയഗള കാൻസർ?    

ഗർഭാശയത്തിന്റെ താഴ്ഭാഗത്തെ(Cervix) ബാധിക്കുന്നതാണ് ഗർഭാശയഗള കാൻസർ. 99.7 ശതമാനം ഗർഭാശയഗള കാൻസറുകളും ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്.പി.വി) കൊണ്ടുള്ള തുടർച്ചയായ അണുബാധ കാരണമാണ് ഉണ്ടാകുന്നത്. ഇന്ത്യയിലെ സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളിൽ രണ്ടാം സ്ഥാനം ഇതിനാണ്. രാജ്യത്ത് 2022ൽ 79,103 പുതിയ കേസുകളും 34,805 മരണവും ഗർഭാശയഗള ക്യാൻസർ കാരണമുണ്ടായിട്ടുണ്ട്. ഒരു ലക്ഷം സ്ത്രീകളിൽ പ്രതിവർഷം 11.6 പേർക്ക് രോഗബാധ ഉണ്ടാകുന്നു. ഇവരിൽ പകുതിയോളം (5.1 പേർ) പേർ മരിക്കുന്നുണ്ട്. എച്ച്.പി.വി അണുബാധ ഗർഭാശയഗള ക്യാൻസറിന് പുറമെ, മലദ്വാരം, വായ, തൊണ്ട, സ്ത്രീ ജനനേന്ദ്രിയം, യോനി, പുരുഷ ലിംഗം എന്നിവിടങ്ങളിലും കാൻസറുണ്ടാക്കാം.
2006 മുതൽ എച്ച്.പി.വി വാക്‌സിൻ ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ സുരക്ഷിതമായി നൽകിവരുന്നുണ്ട്. എച്ച്.പി.വി വൈറസ് മൂലമുണ്ടാകുന്ന അണുബാധയിൽനിന്ന് സംരക്ഷിക്കുന്ന ആന്റിബോഡികൾ വാക്സിൻ സ്വീകരിക്കുന്ന വ്യക്തിയുടെ ശരീരത്തിൽ സൃഷ്ടിക്കപ്പെടും.

Tags