വെസ്റ്റ് മാമ്പറ്റ സ്റ്റേഡിയം നിർമാണം: സി.കെ. കാസിം എം.എൽ.എ. സ്ഥലം സന്ദർശിച്ചു
കോഴിക്കോട് : മുക്കം നഗരസഭയിലെ നിർമാണം നിലച്ച വെസ്റ്റ് മാമ്പറ്റ സ്റ്റേഡിയം സി.കെ. കാസിം എം.എൽ.എ. സന്ദർശിച്ചു. പദ്ധതിക്കാവശ്യമായ തുക അനുവദിച്ചിട്ടും പ്രവൃത്തികൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിനായി കരാറുകാരുടെയും നിർവഹണ ഏജൻസികളുടെയും അടിയന്തര യോഗം വിളിച്ചുചേർക്കുമെന്ന് എം.എൽ.എ. അറിയിച്ചു.
ആദ്യഘട്ട നിർമാണ പ്രവൃത്തികളുടെ ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി, പദ്ധതിയുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിളായ കിറ്റ്കോ എന്നിവരുമായി ജനപ്രതിനിധികളുടെ സാന്നിധ്യത്തിലാണ് യോഗം ചേരുക. നിർമാണ പ്രവർത്തനങ്ങൾ എത്രയും വേഗം പുനരാരംഭിച്ച് സ്റ്റേഡിയം യാഥാർഥ്യമാക്കുകയാണ് ലക്ഷ്യം.
കിഫ്ബി ധനസഹായത്തോടെ സംസ്ഥാന സ്പോർട്സ് ഡയറക്ടറേറ്റിന് കീഴിൽ 6.5 കോടിയോളം രൂപ ചെലവഴിച്ചാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമാണം ആരംഭിച്ചത്. രണ്ടേക്കറോളം വരുന്ന മൈതാനത്ത് ടർഫ് ഫുട്ബോൾ ഗ്രൗണ്ട്, 200 മീറ്റർ സിന്തറ്റിക് ട്രാക്ക്, വോളിബോൾ കോർട്ട്, ഗാലറി, ഡ്രസ് ചേഞ്ചിങ് റൂം, ആധുനിക ജിംനേഷ്യം, ജംപിങ് പിറ്റുകൾ എന്നിവ നിർമിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
നഗരസഭ കൗൺസിലർമാരായ സുഹറ വഹാബ്, ഷരീഫ് വെണ്ണക്കോട്, നിഷാബ് മുല്ലോളി, എ.എം. അബൂബക്കർ, ദാവൂദ് മുത്താലം, രാജു മാമ്പറ്റ, വസന്തകുമാരി തുടങ്ങിയവരും എം.എൽ.എ.യ്ക്കൊപ്പം ഉണ്ടായിരുന്നു.
.jpg)

