വടകര കുരിയാടിയിൽ കടൽഭിത്തി നിർമ്മാണം പൂർത്തിയായി
കോഴിക്കോട് :വടകര നിയോജക മണ്ഡലത്തിലെ കുരിയാടി ഫിഷ് ലാൻഡിംഗ് സെന്ററിന് സമീപം കടൽഭിത്തിയുടെ നിർമ്മാണം പൂർത്തിയായി. തീരദേശത്തെ വീടുകൾക്കും റോഡിനും സംരക്ഷണമൊരുക്കുന്നതിനായി ജലസേചന വകുപ്പിന്റെ 1.25 കോടി രൂപ ചെലവഴിച്ചാണ് 159 മീറ്റർ നീളത്തിൽ കടൽഭിത്തി നിർമ്മിച്ചത്.
കടൽക്ഷോഭം രൂക്ഷമാകുമ്പോൾ റോഡുകൾ തകരുന്നതും സമീപത്തെ വീടുകൾക്ക് ഭീഷണിയാകുന്നതും ഇവിടെ പതിവായിരുന്നു. പുതിയ കടൽഭിത്തി യാഥാർത്ഥ്യമായതോടെ പ്രദേശത്തെ വീടുകൾക്കും സ്വത്തുവകകൾക്കും കടലാക്രമണത്തിൽ നിന്നും ശാശ്വത സംരക്ഷണം ഉറപ്പാക്കാൻ കഴിയുമെന്ന് കെ.കെ. രമ എം.എൽ.എ പറഞ്ഞു. മണ്ഡലത്തിലെ മറ്റ് തീരദേശ മേഖലകളിലും കടലാക്രമണ ഭീഷണി നേരിടുന്ന ഇടങ്ങൾ കണ്ടെത്തി ആവശ്യമായ സംരക്ഷണ പ്രവൃത്തികൾ നടപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും എം.എൽ.എ വ്യക്തമാക്കി.
.jpg)

