സർക്കാർ സംവിധാനം ജനോപകാരപ്രദമായി മുന്നോട്ടു കൊണ്ടുപോകണം: മന്ത്രി മോൻസ് ജോസഫ്
കോട്ടയം: സർക്കാർ സംവിധാനം ജനോപകാരപ്രദമായി മുന്നോട്ടു കൊണ്ടുപോകാൻ എല്ലാ വകുപ്പുകളും ജാഗ്രത പുലർത്തണമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയുടെ പൊതു വികസനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ വകുപ്പുകളുടെയും സഹകരണം ആവശ്യമാണ്. മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പുനരാരംഭിക്കണം. ഒൻപതു നിയമസഭാ നിയോജക മണ്ഡലങ്ങൾക്കും തുല്യനീതി ലഭിക്കുന്നതിനും വികസനം കൈവരിക്കുന്നതിനും സർക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്തു ചേർന്ന സംസ്ഥാനതല യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാതലത്തിൽ മഴക്കാല പൂർവ്വ അവലോകന യോഗം ചേർന്നത്. ജില്ലയിൽ മുപ്പതു വകുപ്പുകളുടെ തയ്യാറെടുപ്പുകൾ യോഗം വിലയിരുത്തി. തികഞ്ഞ ഉത്തരവാദിത്വത്തോടെ തൃപ്തികരമായി സജ്ജമാകാൻ വകുപ്പുകൾക്ക് സാധിച്ചിട്ടുണ്ട്-അദ്ദേഹം അഭിപ്രായപ്പെട്ടു.
അവലോകന യോഗത്തിൽ അവതരിപ്പിക്കപ്പെട്ട നിർദേശങ്ങൾ സർക്കാരിന് സമർപ്പിക്കും. ജില്ലയിൽതന്നെ തീരുമാനമെടുത്ത് പരിഹരിക്കാവുന്ന വിഷയങ്ങൾ സമയബന്ധിതമായി പരിഹരിക്കണം.
സ്‌കൂളുകളുടെയും കോളജുകളുടെയും മുന്നിലെ റോഡുകളിൽ വ്യക്തമായി കാണുന്ന രീതിയിൽ സീബ്രാ ലൈനുകൾ ഉണ്ടെന്ന് ഉറപ്പാക്കണം. സ്‌കൂൾ മേഖലയാണെന്ന് സൂചിപ്പിക്കുന്ന ദിശാബോർഡുകൾ നശിച്ചുപോയിട്ടുണ്ടെങ്കിൽ അടിയന്തരമായി സ്ഥാപിക്കാൻ നടപടി വേണം. അപകടകരമായി നിൽക്കുന്ന മരങ്ങളും മരക്കൊമ്പുകളും മുറിച്ചു നീക്കുന്നതിന് വകുപ്പുകൾ സഹകരിച്ചു പ്രവർത്തിക്കണം.
അനധികൃത പാറമടകളിൽ പ്രവർത്തിക്കുന്ന മേഖലകളിൽ റവന്യൂ. പോലീസ് വകുപ്പുകളും പഞ്ചായത്തുകളും ചേർന്ന് പരിശോധന നടത്തണം. എല്ലാ മേഖലകളിലും വിതരണം ചെയ്യുന്ന കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കണം. ഭാരവാഹനങ്ങൾക്ക് സ്‌കൂൾ സമയങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം കർശനമായി പാലിക്കപ്പെടണം.
നെല്ലു സംഭരിച്ചതിന്റെ പണം കൊടുക്കുന്നതു സംബന്ധിച്ച് നിരന്തരം ഉയരുന്ന പരാതികൾക്ക് ശാശ്വത പരിഹാരം കാണുന്നതിന് സർക്കാർ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിലുള്ള കുടിശിക തീർക്കുന്നതിനൊപ്പം ഭാവിയിൽ കുടിശികയാകാതിരിക്കുന്നതിനും നടപടിയുണ്ടാകും. പ്രകൃതിക്ഷോഭത്തിൽ വീടു നഷ്ടപ്പെട്ടവർക്കും കൃഷിനാശം സംഭവിച്ചവർക്കും വർഷങ്ങളായി നഷ്ടപരിഹാരം ലഭിക്കാത്തത് സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
വിവിധ വകുപ്പുകൾ സ്വീകരിച്ചിട്ടുള്ള തയ്യാറെടുപ്പുകൾ മേധാവികൾ യോഗത്തിൽ അറിയിച്ചു. കെ. ബിനിമോൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ചേതൻകുമാർ മീണ, മുനിസിപ്പൽ ചെയർമാൻ എം.പി. സന്തോഷ്‌കുമാർ, ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ലിറ്റി ജോസഫ്, എം.എൽ.എമാരുടെ പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.
.jpg)

