കോട്ടയം ജില്ലാ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്; രാഷ്ട്രീയപാർട്ടികളുടെ യോഗം ചേർന്നു
കോട്ടയം: ജില്ലാപഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിൽ സെപ്റ്റംബർ 28ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ യോഗം വരണാധികാരിയായ ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്നു.
മാടപ്പള്ളി-6, പായിപ്പാട് -17, തൃക്കൊടിത്താനം -22, വാഴപ്പളളി -2 എന്നിങ്ങനെ നാലു ഗ്രാമപഞ്ചായത്തുകളിലെ 47 വാർഡുകൾ ഉൾപ്പെടുന്നതാണ് തൃക്കൊടിത്താനം ഡിവിഷൻ. ഈ മേഖലകളിൽ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നതിന് ജാഗ്രത പുലർത്തണമെന്ന് പാർട്ടികളുടെ പ്രതിനിധികൾക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. വാഹനങ്ങൾക്കും അനൗൺസ്മെൻറിനും പോലീസിൽനിന്ന് അനുമതി വാങ്ങണം. തെരഞ്ഞെടുപ്പു നടന്നു 30 ദിവസത്തിനുള്ളിൽ സ്ഥാനാർഥികൾ ചെലവിൻറെ കൃത്യമായ കണക്ക് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കു നൽകണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.
ഉപതെരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സെപ്റ്റംബർ 24ന് വിതരണ കേന്ദ്രമായ ചങ്ങനാശേരി എസ്.ബി. ഹയർ സെക്കൻഡറി സ്കൂളിലേക്ക് കൊണ്ടുപോകും. 25 രാവിലെ എട്ടിന് യന്ത്രങ്ങളുടെ കമ്മീഷനിംഗ് അവിടെ നടക്കും.
പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള തെരഞ്ഞെടുപ്പുസാമഗ്രികളും വോട്ടിംഗ് യന്ത്രങ്ങളും 27 രാവിലെ ഒൻപതു മുതൽ എസ്.ബി. ഹയർ സെക്കൻഡറി സ്‌കൂളിൽ വിതരണം ചെയ്യും. 28ന് രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുവരെയാണ് തെരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം 29ന് നടക്കും.
ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഡോ. പി.കെ. പത്മകുമാർ, കെ.ആർ. കൃഷ്ണകുമാർ, അഡ്വ. ജോർജ് ജോസഫ്, എ.ഡി.എം. സോളി ആൻറണി, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ കെ.കെ. ബിനി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
.jpg)

