വിദേശ ഇന്ത്യൻ എംബസികളുമായി സാധാരണക്കാർക്ക് വേഗത്തിൽ ബന്ധപ്പെടാൻ സംവിധാനം ഒരുക്കും
പതിനാറാം കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി യോഗം കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. സമിതി ചെയർമാൻ പാറക്കൽ അബ്ദുള്ള എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ, സർക്കാരിൽനിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ, ക്ഷേമപെൻഷനുമായി ബന്ധപ്പെട്ട പരാതികൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. എം.എൽ.എമാരായ കെ.എം. അഭിജിത്ത്, പഴകുളം മധു, മുഹമ്മദ് മുഹസിൻ, എം. വിൻസെന്റ്, സേവ്യർ ചിറ്റിലപ്പള്ളി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വിദേശരാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുമായി സാധാരണക്കാർക്ക് വേഗത്തിൽ ബന്ധപ്പെടുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാൻ നടപടി സ്വീകരിക്കുമെന്ന് സമിതി അംഗങ്ങൾ അറിയിച്ചു. പ്രവാസികൾ അവധിക്കായി നാട്ടിലെത്തുന്ന ചെറിയ ഇടവേളകളിൽ ആധാർ കാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ട അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി സമിതിയെ അറിയിച്ചു.
പ്രവാസി ക്ഷേമനിധി പെൻഷൻ മുടങ്ങിക്കിടക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, പെൻഷൻ ലഭിക്കുന്നതിലെ കാലതാമസം, ക്ഷേമനിധി അംഗത്വത്തിനുള്ള അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കാത്തത് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികൾ വിവിധ പ്രവാസി സംഘടനാ പ്രതിനിധികൾ യോഗത്തിൽ ഉന്നയിച്ചു.
നോർക്ക സാന്ത്വനം പദ്ധതി വഴി നിലവിൽ നൽകിവരുന്ന 50,000 രൂപയുടെ ചികിത്സാസഹായം വർധിപ്പിക്കണമെന്നും ചികിത്സാസഹായവും മരണാനന്തര ധനസഹായവും സമയബന്ധിതമായി അനുവദിക്കണമെന്നും പ്രവാസി സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടു. പ്രവാസി ക്ഷേമനിധിയിൽ അംഗമാകുന്നതിനുള്ള പ്രായപരിധി 70 വയസ്സായി ഉയർത്തണമെന്നും നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിന് ധനസഹായം നൽകണമെന്നും വിവിധ കാരണങ്ങളാൽ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ അവ ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
കേരള പ്രവാസികാര്യ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, കേരള പ്രവാസി വെൽഫെയർ ബോർഡ്, നോർക്ക റൂട്ട്സ് എന്നിവ മുഖേന ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളും യോഗം അവലോകനം ചെയ്തു.
.jpg)


