അവതാരകനായി ആരോൺ ജോർജ്ജ്; കോട്ടയത്തിന്റെ ജെൻ സി ആൻതം നിമിഷങ്ങൾക്കുള്ളിൽ വൈറലായി
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുവ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി കോട്ടയം ജില്ലയിലെ സ്വീപ് തയ്യാറാക്കിയ ജെൻസി ആൻതം മിനിറ്റുകൾക്കുള്ളിൽ വൈറലായി. കളക്ടറേറ്റ് വളപ്പിൽ നടന്ന ചടങ്ങിൽ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ തിളങ്ങിയ മലയാളി താരം ആരോൺ ജോർജാണ് പാട്ടു പുറത്തിറക്കിയത്. തൊട്ടു പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ചലച്ചിത്ര നടൻ ഇന്ദ്രജിത്ത്, സംഗീത സംവിധായകൻ സുഷിൻ ശ്യാം, എഴുത്തുകാരൻ ജോസഫ് അന്നംകുട്ടി ജോസ് തുടങ്ങിയവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
വോട്ടർ ബോധവത്കരണ പരിപാടിയായ സിസ്റ്റമാറ്റിക് വോട്ടർ എജ്യുക്കേഷൻ ആൻഡ്് ഇലക്ടറൽ പാർട്ടിസിപ്പേഷനു(സ്വീപ്) വേണ്ടി ദിവ്യ എ. ദിവാകരൻ ചിട്ടപ്പെടുത്തിയ 'വോട്ട് അത് നിന്നവകാശം' എന്നു തുടങ്ങുന്ന ഗാനം ദിവ്യയും റാപ്പർമാരായ മാഡിസ്റ്റയും രാക്ഷസും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.
വോട്ടവകാശത്തിന്റെ വില തിരിച്ചറിഞ്ഞ് ക്യത്യമായി പോളിംഗ് ബൂത്തിലെത്താൻ യുവതീയുവാക്കൾ ജാഗ്രത പുലർത്തണമെന്ന് ആരോൺ നിർദേശിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ആരോണിനെ ആദരിച്ചു. തെരഞ്ഞെടുപ്പ് കമ്മീന്റെ നിരീക്ഷകൻ ഗുഞ്ജൻ ഭാരതി മിശ്ര, സ്വീപ് നോഡൽ ഓഫീസർ പി.എ അമാനത്ത് തുടങ്ങിയവർ പങ്കെടുത്തു. ബസേലിയോസ് കോളജ് വിദ്യാർഥിനികൾ ഫ്‌ളാ്ഷ് മോബ് അവതരിപ്പിച്ചു. വിവിധ കോളജുകളിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് അംഗങ്ങളും പങ്കെടുത്തു.
.jpg)


