കോട്ടയം ജില്ലാപഞ്ചായത്ത് പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാർക്കു സ്‌കൂട്ടർ നൽകി

google news
aas

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് അധികചക്രം( സൈഡ് വീൽ) ഘടിപ്പിച്ച സ്‌കൂട്ടർ വിതരണത്തിന്റെ ഉദ്ഘാടനം സഹകരണ രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഗുണഭോക്തക്കളായ ഭിന്നശേഷിക്കാർക്ക് വാഹനത്തിന്റെ താക്കോൽ മന്ത്രി വി.എൻ. വാസവൻ കൈമാറി.വയല സ്വദേശി ശശി പത്മനാഭൻ, പരിപ്പ് സ്വദേശി എം.എൻ. സതീദേവി, തൃക്കൊടിത്താനം സ്വദേശി ഷാജികുമാർ, കൂത്രപ്പളളി സ്വദേശി ജി രഘു, ചെമ്പ് സ്വദേശി ബിന്ദു കുഞ്ഞപ്പൻ എന്നിവർ മന്ത്രിയിൽനിന്ന് വാഹനത്തിന്റെ താക്കോൽ ഏറ്റുവാങ്ങി.

 ഹീറോ മാസ്‌ട്രോ 110 സിസി സ്‌കൂട്ടറാണ് നൽകിയത്. ജില്ലാ പഞ്ചായത്തിന്റെ 2022-2023 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി സാമൂഹികനീതി വകുപ്പ് മുഖേനയാണ് ഭിന്നശേഷിക്കാർക്കുള്ള സൈഡ് വീൽ സ്‌കൂട്ടർ പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 30 പേർക്കാണ് സ്‌കൂട്ടർ നൽകുന്നത്. പദ്ധതിക്കായി 30 ലക്ഷം രൂപ വകയിരുത്തിയിരുന്നു. പദ്ധതിപ്രകാം അപേക്ഷിച്ചവരിൽ നിന്ന് അർഹരായ 46 ഗുണഭോക്താക്കളെ കണ്ടെത്തിയിരുന്നു. ശേഷിക്കുന്ന 16 പേർക്കു 2023-24 വർഷത്തെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി സ്‌കൂട്ടർ നൽകാനാണു തീരുമാനിച്ചിട്ടുള്ളത്.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ശുഭേഷ് സുധാകരൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.എൻ. ഗിരീഷ്‌കുമാർ, മഞ്ജു സുജിത്ത്, ജില്ലാ പഞ്ചായത്തംഗങ്ങളായ രാജേഷ് വാളിപ്ലാക്കൽ, ഹേമലതാ പ്രേംസാഗർ, ഹൈമി ബോബി, സാമൂഹികനീതിവകുപ്പ് സീനിയർ സൂപ്രണ്ട് എൻ.പി. പ്രമോദ്കുമാർ എന്നിവർ പ്രസംഗിച്ചു.

Tags